ബിജെപിക്കും സംഘപരിവാറിനും എതിരായ കടുത്ത വിമര്‍ശനങ്ങളാണ് കോണ്‍ഗ്രസിലെ രാഷ്ട്രീയ താരമായിരുന്ന ഖുശ്ബുവിനെ ശ്രദ്ധേയ ആക്കിയത്. ഇപ്പോള്‍ അതേ സംഘപരിവാര്‍ പാളയത്തിലേക്കുള്ള കൂടുമാറ്റമാണ് ചര്‍ച്ചാവിഷയം. കഴിഞ്ഞ കുറെ നാളുകളായി അവര്‍ ബിജെപിയിലേക്ക് ചേക്കേറുകയാണ് എന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും ഇത്ര പെട്ടന്ന് അത് നടക്കുമെന്ന് ആരും കരുതിയില്ല. കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച ഇതേ ദിവസം തന്നെയായിരുന്നു ബിജെപിയിലേക്കും ടിക്കറ്റെടുത്തത്. ആറ് വര്‍ഷം നീണ്ടുനിന്ന കോണ്‍ഗ്രസ് പ്രവര്‍ത്തനം മതിയാക്കിയാണ് നടി ഭാരതീയ ജനതാ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. നേരത്തെ ബിജെപിക്കും സംഘ്പരിവാറിനുമെതിരെ രൂക്ഷമായി പ്രതികരിച്ചിരുന്നു ഖുശ്ബു. അതുകൊണ്ട് തന്നെ ബിജെപിയിലേക്കുള്ള ഈ രംഗപ്രവേശനം അത്ഭുതപ്പെടുത്തുന്നുണ്ട് എന്നതില്‍ സംശയമില്ല.
അടുത്തവര്‍ഷം നടക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ്കൂടി മുന്നില്‍ കണ്ടാണ് ഈ ചുവടുമാറ്റം. തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണ് ഖുശ്ബു എന്ന അഭ്യൂഹങ്ങളൊക്കെ ഇപ്പോള്‍ തന്നെ ചൂടുപിടിക്കുന്നുണ്ട്.
ബിജെപിയുടെ കടുത്ത വിമര്‍ശകയായിരുന്നിട്ട് കൂടി ലോക്സഭ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതില്‍ ഖുശ്ബുവിന് അതൃപ്തി ഉണ്ടായിരുന്നു. അടുത്തിടെയായി കോണ്‍ഗ്രസ് തമിഴ്‌നാട് ഘടകവുമായി അവര്‍ അത്ര നല്ല ബന്ധത്തിലായിരുന്നില്ല. ജനങ്ങളുമായി ബന്ധമില്ലാത്തവരാണ് പാർട്ടിയെ നിയന്ത്രിക്കുന്നതെന്ന് രാജിക്കത്തിലും അവര്‍ ആരോപിച്ചിരുന്നു. നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള നീക്കം ഖുശ്ബു നടത്തിയെങ്കിലും ഇതിനും തമിഴ്നാട്ടിലെ കോണ്‍ഗ്രസ് നേതൃത്വം വഴങ്ങിയില്ല. ഈ സാഹചര്യത്തില്‍ സ്ഥാനമാനങ്ങളില്‍ പ്രലോഭിപ്പിക്കുന്ന ബിജെപിയുടെ തന്ത്രത്തില്‍ ഖുശ്ബു വീണുപോയതായിരിക്കാം.
തെന്നിന്ത്യയിലെ സൂപ്പര്‍ താരമായ ഖുശ്ബു 2010ല്‍ ഡിഎംകെയിലൂടെയായിരുന്നു രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. മെയ് 14ന് ചെന്നൈയിൽ കരുണാനിധിയുൾപ്പെടെ പ്രമുഖ നേതാക്കൾ പങ്കെടുത്ത ചടങ്ങിൽ വച്ചായിരുന്നു ഡിഎംകെയില്‍ ചേര്‍ന്നത്. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം 2014ല്‍ ഡിഎംകെ വിട്ട് കോണ്‍ഗ്രസിലേക്ക് കൂടുമാറി. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ നേരിൽ കണ്ടായിരുന്നു പാർട്ടിയിൽ അംഗത്വമെടുത്തത്. ജനങ്ങള്‍ക്ക് നല്ലത് ചെയ്യാനുള്ള ഏക പാര്‍ട്ടി കോണ്‍ഗ്രസാണെന്നായിരുന്നു അംഗത്വം സ്വീകരിച്ചുകൊണ്ട് അന്ന് നടി പറഞ്ഞത്. പിന്നീടങ്ങോട്ട് മോദി സർക്കാരിന്റെ നിരന്തര വിമർശകയായിരുന്നു ഖുശ്ബു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തമിഴ്നാട്ടില്‍ പ്രാധാന്യമില്ലെന്നടക്കമുള്ള പ്രസ്താവനകള്‍ നടത്തിയിരുന്നു.
കേന്ദ്രസർക്കാർ നയങ്ങളെയെല്ലാം കടന്നാക്രമിച്ച ഖുശ്ബു സംഘപരിവാറില്‍ നിന്ന് പല ഘട്ടങ്ങളിലും സെെബര്‍ ആക്രമണം നേരിട്ടിരുന്നു. നഖത് ഖാൻ എന്ന പഴയ പേരും മതവും പറഞ്ഞ് കൊണ്ടായിരുന്നു സംഘപരിവാർ അവരെ സോഷ്യല്‍ മീഡിയയിലൂടെ ആക്രമിച്ചത്. എന്നാല്‍ ഇതിനെതിരെ അവര്‍ ശക്തമായ ഭാഷയില്‍ പ്രതികരിച്ച് രംഗത്തുവന്നിരുന്നു. നടി ബിജെപിയിലേക്ക് ചേക്കേറിയതോടെ ഖുശ്ബുവിന്‍റെ പഴയ സംഘപരിവാര്‍ വിരുദ്ധ ട്വീറ്റുകളും ഇപ്പോള്‍ കുത്തിപ്പൊക്കിട്ടുണ്ട്. മുമ്പ് ഇത്രയധികം അധിക്ഷേപിച്ചവരോടൊപ്പം ചേരേണ്ട ഗതി വന്നല്ലോയെന്നാണ് സംഘപരിവാര്‍ അനുകൂല കേന്ദ്രങ്ങള്‍ പോലും പരിഹസിക്കുന്നത്. കാരണം അത്രയധികം രൂക്ഷമായ ഭാഷയില്‍ ആയിരുന്നു ഈ വിമര്‍ശനങ്ങള്‍. സംഘികൾ മങ്കികളെപ്പോലെയാണ്. ആറ് ഇന്ദ്രിയങ്ങളുമില്ലാത്തവർ എന്ന് ഖുശ്ബു പരിഹസിച്ചിരുന്നു. അവരെന്നെ ഇന്ത്യയിൽ സ്ഥാനമില്ലാത്ത മുസ്ലിമെന്ന് വിളിക്കുന്നു. അതെ ഞാനൊരു ഖാനാണ്. മുസ്ലിമുമാണ്. ഇന്ത്യ എന്‍റെ രാജ്യവുമാണ്. ആർക്കെങ്കിലും സംശയമുണ്ടോ? എന്നും നടി ചോദിച്ചിരുന്നു. ഈ ട്വീറ്റുകളൊക്കെ നീക്കം ചെയ്യേണ്ട ഗതികേടാണിപ്പോള്‍.
കഴിഞ്ഞ ജൂലൈ മുതല്‍ ഖുശ്ബു ബിജെപിയിലേക്ക് കളം മാറ്റി ചവിട്ടുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും നടി ഇതിനെ ശക്തമായി എതിര്‍ത്തിരുന്നു. പക്ഷേ ഈയടുത്ത് മോദിയെയും സര്‍ക്കാരിന്‍റെ പല നയങ്ങളെയും പുകഴ്ത്തി അവര്‍ രംഗത്തുവന്നിരുന്നു. ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ തമിഴ്നാട്ടിൽ കോൺഗ്രസും ഡിഎംകെയും ശക്തമായ പ്രതിഷേധം തീർത്തപ്പോൾ ഖുശ്ബുവിന്‍റെ മോദി അനുകൂല പ്രതികരണം തന്നെ ഈ അഭ്യൂഹങ്ങള്‍ ശരിവെയ്ക്കുന്നതായിരുന്നു. കാര്‍ഷിക ബില്ലിനെയും അനുകൂലിച്ച് രംഗത്തെത്തിയിരുന്നു. നരേന്ദ്രമോദി മാത്രമാണ് ഇന്ത്യ കണ്ട ഒരേ ഒരു പ്രധാനമന്ത്രി. അതിനുമുമ്പ് ഇന്ത്യയ്ക്ക് പ്രധാനമന്ത്രി ഇല്ലായിരുന്നുവെന്ന നടിയുടെ ട്വീറ്റും ഖുഷ്ബു വിരുദ്ധര്‍ പോലും അല്‍പ്പം അമ്പരപ്പോടെയായിരുന്നു കണ്ടത്.
തമിഴ്നാട്ടിലെ പ്രമുഖ താരമായിരുന്ന ഖുശ്ബുവിന് സംസ്ഥാനത്ത് വലിയ പിന്തുണയാണുള്ളത്. ഖുശ്ബുവിന് രാജ്യസഭാ സീറ്റ് നല്‍കാം അല്ലേങ്കിൽ നിയമസഭ തിരഞ്ഞെടുപ്പിൽ അർഹമായ പരിഗണന നൽകാമെന്നാണ് ബിജെപി വാഗ്ദാനം. എന്നാല്‍ സംസ്ഥാനത്ത് ബിജെപി വിരുദ്ധ വികാരം ശക്തമാണ്. അതുകൊണ്ടുതന്നെ ഖുശ്ബുവിനെ പാര്‍ട്ടിയിലെത്തിക്കുന്നതിലൂടെ ബിജെപിക്കും കാര്യമായ നേട്ടമുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. പക്ഷേ ഖുശ്ബുവിനായി അമ്പലം പോലും പണിത തമിഴ്നാട്ടുകാർ ഇനിയെങ്ങനെ അവരെ സ്വീകരിക്കുമെന്ന് പറയാനാകില്ല.