Sun. Dec 22nd, 2024
ന്യൂഡൽഹി:

 
മാരകമായ കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി മാർച്ച് 24 ന് രാജ്യവ്യാപകമായി ഏർപ്പെടുത്തിയ ലോക്ക്ഡൌണിൽ കേന്ദ്രം പുതിയ ഇളവുകൾ പ്രഖ്യാപിച്ചു. ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച അൺലോക്ക് മാർഗ്ഗനിർദ്ദേശങ്ങളുടെ അഞ്ചാമത്തെ സെറ്റാണിത്. അൺലോക്ക് 5.0 മാർഗ്ഗനിർദ്ദേശങ്ങൾ ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വന്നേക്കും.

കണ്ടെയ്‌‌ൻ‌മെന്റ് സോണിനു പുറത്തുള്ള സിനിമാതീയേറ്ററുകൾ‌, മൾ‌ട്ടിപ്ലക്‌സുകൾ‌ എന്നിവ ഒക്ടോബർ‌ 15 മുതൽ‌ 50 ശതമാനം ആളുകളെ ഉൾക്കൊള്ളിക്കുന്ന തരത്തിൽ വീണ്ടും തുറക്കാൻ‌ അനുവദിച്ചിരിക്കുന്നു.

സിനിമാഹാളുകൾക്ക് പുറമെ കായികതാരങ്ങളുടെ പരിശീലനത്തിനായി ഉപയോഗിക്കുന്ന നീന്തൽക്കുളങ്ങൾ വീണ്ടും തുറക്കാനും കേന്ദ്രം അനുമതി നൽകിയിട്ടുണ്ട്. ബിസിനസ് ടു ബിസിനസ് എക്സിബിഷനുകൾ ഒക്ടോബർ 15 മുതൽ വീണ്ടും തുറക്കാൻ അനുവദിക്കും.

ഒക്ടോബർ 15 നു ശേഷം സ്കൂളുകളും കോച്ചിംഗ് സ്ഥാപനങ്ങളും പുനരാരംഭിക്കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കാൻ സംസ്ഥാന, യൂണിയൺ ടെറിട്ടറി സർക്കാരുകൾക്ക് കേന്ദ്രം അനുമതി നൽകി.

എന്നിരുന്നാലും, ഓൺ‌ലൈൻ, വിദൂര പഠനം തുടങ്ങിയ അദ്ധ്യാപനരീതിയ്ക്ക് മുൻ‌ഗണന നൽകുമെന്നും, അതിനെ പ്രോത്സാഹിപ്പിക്കുമെന്നും മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നു.

മാതാപിതാക്കളുടെ രേഖാമൂലമുള്ള സമ്മതത്തോടെ മാത്രമേ വിദ്യാർത്ഥികൾക്ക് സ്കൂളുകളിൽ, സ്ഥാപനങ്ങളിൽ ചേരാനാകൂ.

ഹാജർ നടപ്പാക്കാൻ സ്കൂളുകളെ അനുവദിക്കില്ല. തുറക്കാൻ അനുമതിയുള്ള സ്കൂളുകൾ‌, സംസ്ഥാനങ്ങളുടെയും യൂണിയൺ ടെറിട്ടറികളുടെയും വിദ്യാഭ്യാസ വകുപ്പുകൾ‌ നൽ‌കുന്ന മാർഗ്ഗരേഖകൾ നിർബന്ധമായും നടപ്പാക്കേണ്ടതുണ്ട്.

ഗവേഷണം നടത്തുന്നവർക്കും(പിഎച്ച്ഡി) ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ലബോറട്ടറി പ്രവർത്തനങ്ങൾ ആവശ്യമുള്ള സയൻസ് ആൻഡ് ടെക്നോളജി തലത്തിലുള്ള ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കും ഒക്ടോബർ 15 മുതൽ പഠനത്തിന് അനുവാദമുണ്ട്.

ഒക്ടോബർ 15 മുതൽ ഒത്തുചേരലുകളിൽ പങ്കെടുക്കാൻ സംസ്ഥാനങ്ങൾക്ക് അനുവദിക്കാം. ദസറ, ദീപാവലി, ദുർഗ്ഗാപൂജ ഉത്സവങ്ങൾ ഇന്ത്യയിലുടനീളം ആരംഭിക്കുന്നതിന്റെ മുന്നോടിയായിട്ടാണ് ഈ തീരുമാനം വരുന്നത്. മാസ്കുകൾ ധരിക്കുക, സാമൂഹിക അകലം പാലിക്കുക, തെർമൽ സ്കാനിംഗ്, ഹാൻഡ് വാഷ് അല്ലെങ്കിൽ സാനിറ്റൈസർ എന്നിവ നിർബന്ധമാണ്.

തുറസ്സായ സ്ഥലങ്ങളിൽ, സ്ഥലത്തിന്റെ വലുപ്പം കണക്കിലെടുത്ത് ഒത്തുചേരലുകൾ അനുവദിക്കും. സാമൂഹിക അകലം കർശനമായി പാലിക്കുക, മുഖംമൂടികൾ ധരിക്കുക, തെർമൽ സ്കാനിംഗ്, ഹാൻഡ് വാഷ് അല്ലെങ്കിൽ സാനിറ്റൈസർ എന്നിവയ്ക്കുള്ള ഏർപ്പാട് ഉണ്ടായിരിക്കുക അവിടെയും നിർബ്ബന്ധമാണ്.

അത്തരം ഒത്തുചേരലുകൾ കോവിഡ് -19 വ്യാപനത്തിന് വഴിവെക്കില്ലെന്ന് ഉറപ്പുവരുത്താൻ, അത്തരം സമ്മേളനങ്ങൾ നിയന്ത്രിക്കുന്നതിന് വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കാൻ സംസ്ഥാന, യൂണിയൻ ടെറിട്ടറി സർക്കാരുകൾക്ക് നിർദ്ദേശം നൽകി.

ആഭ്യന്തരമന്ത്രാലയം അനുവദിച്ചതൊഴികെ അന്താരാഷ്ട്ര വിമാനയാത്ര നിരോധിച്ചിരിക്കുന്നു.

65 വയസ്സിന് മുകളിലുള്ളവർ, രോഗാവസ്ഥയുള്ളവർ, ഗർഭിണികൾ, 10 വയസ്സിൽ താഴെയുള്ള കുട്ടികൾ എന്നിവർ അത്യാവശ്യകാര്യങ്ങൾ നിറവേറ്റുന്നതിനും, ആരോഗ്യ ആവശ്യങ്ങൾക്കുമല്ലാതെ പുറത്തിറങ്ങരുതെന്നും നിർദ്ദേശിക്കുന്നു.