Wed. Jan 22nd, 2025
ന്യൂഡൽഹി:

അയോദ്ധ്യയില്‍ ബാബ്‌റി മസ്ജിദ് തകര്‍ത്ത കേസ്സിലെ വിധി പ്രസ്താവിച്ചു. കേസ്സിലെ എല്ലാ പ്രതികളേയും കുറ്റവിമുക്തരാക്കി. ലക്നൌവിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പ്രസ്താവിച്ചത്. ബാബ്‌റി മസ്ജിദ് തകർത്തതിനു പിന്നിലെ ഗൂഢാലോചന തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് കോടതി പറഞ്ഞു.

1992 ഡിസംബര്‍ ആറിനാണ് കർസേവകർ കൂട്ടമായിച്ചെന്ന് ബാബ്‌റി മസ്ജിദ് തകർത്തത്. ബിജെപി നേതാക്കളായ ലാൽ കൃഷ്ണ അദ്വാനി, മുരളി മനോഹർ ജോഷി, ഉമാ ഭാരതി, കല്യാൺ സിംഗ്, വിനയ് കത്യാർ എന്നിവര്‍ കേസിലെ പ്രതികളായിരുന്നു.

ബാബ്‌റിമസ്ജിദ് പൊളിക്കാനുള്ള കേസിലെ ഗൂഢാലോചനയിൽ എൽ‌കെ അദ്വാനിയെയും മറ്റ് 20 പേരെയും വിചാരണ ചെയ്യണമെന്ന് സുപ്രീംകോടതി 2019 ഏപ്രിലിൽ വിധി പ്രസ്താവിച്ചു. വിദ്വേഷകരവും പ്രകോപനപരവുമായ പ്രസംഗങ്ങൾ നടത്തിയതിന് അവരെ വിചാരണ ചെയ്യുകയായിരുന്നു.

വിശ്വ ഹിന്ദു പരിഷത്തിന്റെയും (വിഎച്ച്പി) ഭാരതീയ ജനതാപാർട്ടിയുടെയും (ബിജെപി) ആഹ്വാനപ്രകാരമാണ് അയോദ്ധ്യയിൽ തടിച്ചുകൂടിയ കർസേവകർ  1992 ഡിസംബർ 6ന് ബാബ്‌റിമസ്ജിദ് തകർത്തത്.

ബാബ്‌റി മസ്ജിദ് നിലകൊണ്ടിരുന്ന സ്ഥലം ശ്രീരാമന്റെ ജന്മസ്ഥലമാണെന്ന് 2019 ൽ സുപ്രീം കോടതി വിധിയ്ക്കുകയും രാമക്ഷേത്രം പണിയുന്നതിനായി ഒരു ട്രസ്റ്റിന് ഭൂമി നൽകുകയും ചെയ്തു. എന്നാൽ ബാബ്‌റി മസ്ജിദ് തകർത്തത് നിയമവിരുദ്ധമായ നടപടിയാണെന്നും സുപ്രീം കോടതി വിധിച്ചിരുന്നു.

സെപ്റ്റംബർ 30 ന് വിധി പറയണമെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു.