ന്യൂഡല്‍ഹി:
രാജ്യത്തുടനീളം കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധം അലയടിക്കുമ്പോള്‍ കര്‍ഷകരെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വയംപര്യാപ്ത ഭാരതം കെട്ടിപ്പടുക്കുന്നതിൽ കര്‍ഷകര്‍ക്ക് നിര്‍ണായക പങ്കുണ്ടെന്ന് അദ്ദേഹം പ്രതിവാര റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാതിൽ പറഞ്ഞു. അതേസമയം, രാജ്യത്ത് കടുത്ത പ്രതിഷേധത്തിന് വഴിതെളിച്ച കാർഷിക ബില്ലിനെ കുറിച്ചും പ്രധാനമന്ത്രി പരിപാടിയില്‍ പ്രതിപാദിച്ചു.
ഇന്ത്യയിലെ കർഷകരെ ശക്തിപ്പെടുത്താനാണ് കാർഷിക ബില്ലിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെവിടെയും അവരുടെ കൃഷി ഉൽപ്പന്നങ്ങൾ വിൽക്കാനാകുമെന്നും അവരുടെ ഇഷ്ടാനുസരണം ഏത് വിളകൾ വേണമെങ്കിലും കൃഷി ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ രാജ്യത്ത് നടക്കുന്ന കര്‍ഷക സമരങ്ങളെ കുറിച്ച് അദ്ദേഹം ഒന്നും പ്രതികരിച്ചില്ല.
ഈ കൊവിഡ് കാലത്ത് നമ്മുടെ കര്‍ഷകര്‍ വലിയ പ്രതിസന്ധികളെ നേരിട്ടിട്ടും പിന്മാറാൻ തയ്യാറായില്ല. കർഷകരുടെ ശക്തി പുറത്ത് കാണിച്ചു കൊണ്ട് കാർഷിക രംഗം പുരോഗതി കൈവരിച്ചു. ആത്മനിർഭർ ഭാരതിന്റെ അടിസ്ഥാനം കർഷകരും ഗ്രാമങ്ങളുമാണ്. അവർ ശക്തരാകുമ്പോൾ രാജ്യവും ശക്തിപ്രാപിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.