Thu. Apr 25th, 2024

തിരുവനന്തപുരം:

യൂട്യൂബ് വീഡിയോകളിലൂടെ സ്ത്രീകളെ അധിക്ഷേപിച്ചയാളെ മര്‍ദിച്ച സംഭവത്തില്‍ ഭാഗ്യലക്ഷ്മിയെയും കൂട്ടരെയും പിന്തുണയ്ക്കുന്നുവെന്ന് ആരോഗ്യമന്ത്രി കെ കെ ശെെലജ. സ്ത്രീകളെ അപമാനിച്ചയാള്‍ക്കെതിരെയുള്ള ഭാഗ്യലക്ഷ്മിയുടെ പ്രതികരണത്തില്‍ സന്തോഷമുണ്ടെന്ന് മന്ത്രി പറഞ്ഞു. അവര്‍ അതിനായി തെരഞ്ഞെടുത്ത മാര്‍ഗത്തെ കുറിച്ച് പിന്നീട് ചര്‍ച്ച ചെയ്യാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വിജയ് പി.നായരുടേത് അങ്ങേയറ്റം ഹീനമായ പ്രവര്‍ത്തിയെന്നും ആരോഗ്യമന്തി പറഞ്ഞു.

അതേസമയം, യൂട്യൂബില്‍ അശ്ലീല വിഡിയോകള്‍ പോസ്റ്റ് ചെയ്ത വിജയ് പി.നായര്‍ക്കെതിരെ തമ്പാനൂര്‍ പൊലീസും മ്യൂസിയം പൊലീസും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ വിജയ് പി നായര്‍ക്കെതിരെ മ്യൂസിയം പൊലീസ് സൈബര്‍ നിയമപ്രകാരമാണ് കേസെടുത്തത്. ഭാഗ്യലക്ഷ്മി അടക്കമുള്ളവര്‍ കമ്മീഷണര്‍ക്കും ഡിജിപിക്കും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

എന്നാല്‍, ജാമ്യം ലഭിക്കാവുന്ന നിസാരകുറ്റങ്ങള്‍ മാത്രമാണ് ഇയാള്‍ക്കെതിരെ ചുമത്തിയതെന്ന് ആക്ഷേപമുണ്ട്. പക്ഷേ, ഭാഗ്യലക്ഷ്മിക്കും, ദിയ സനയ്ക്കും, ശ്രീലക്ഷ്മി അറയ്ക്കലിനുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതിനിടെ, നിരവധി പേരാണ് സ്ത്രീകളെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്.

 

By Binsha Das

Digital Journalist at Woke Malayalam