Fri. Oct 18th, 2024
തൊടുപുഴ:

 
അദ്ധ്യാപകർ ക്ലാസിലിരുന്ന് ഉറങ്ങുന്നതും കുട്ടികൾക്ക് ഉപകാരമില്ലാത്ത പ്രവൃത്തികളിൽ ഏർപ്പെടുന്നതും തെറ്റാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. മൂന്നാർ വാഗുവര സർക്കാർ ഹൈസ്കൂളിലെ അദ്ധ്യാപകർ കൃത്യമായി ക്ലാസിലെത്തുന്നുണ്ടെന്നും ക്ലാസുകൾ എടുക്കുന്നുണ്ടെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉറപ്പാക്കണമെന്നും അത് ലംഘിക്കുന്നവർക്കെതിരെ മാതൃകാപരമായി നടപടി സ്വീകരിക്കണമെന്നും  കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക്  നിർദ്ദേശം നൽകി.

അദ്ധ്യാപകര്‍ക്കെതിരെ വാഗുവര സ്വദേശിനി കാളിയമ്മാൾ സമർപ്പിച്ച പരാതിയിലാണ് നടപടി. പൊതു വിദ്യാഭ്യാസ ഡയറക്ടർ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

ഇടുക്കി വിദ്യാഭ്യാസ ഉപഡയറക്ടർ പരാതിയിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. 2020 ഫെബ്രുവരി 8 ന് കട്ടപ്പന വിദ്യാഭ്യാസ ഓഫീസറും ഉദ്യോഗസ്ഥരും സ്കൂളിൽ പരിശോധന നടത്തി ആരോപണങ്ങൾ ശരിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരു അദ്ധ്യാപകനെ സ്ഥലം മാറ്റിയിട്ടുണ്ട്. ചില അദ്ധ്യാപകർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ നിയന്ത്രിക്കാൻ പ്രധാനാധ്യാപകന് കഴിഞ്ഞില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

പഠിപ്പിക്കുന്നതിനായി ക്ലാസിലെത്തുന്ന അദ്ധ്യാപകർ കുട്ടികളുടെ ഉന്നമനത്തിനും വിജയത്തിനും വേണ്ടി പ്രവർത്തിക്കണമെന്ന് കമ്മീഷൻ ചൂണ്ടിക്കാണിച്ചു. ക്ലാസ് എടുക്കുന്നതിനുള്ള ഉപകരണങ്ങൾ കുട്ടികൾക്ക് മാത്രമായി പ്രയോജനപ്പെടുത്തണം. ഇക്കാര്യം ഉറപ്പാക്കേണ്ട പ്രധാനാദ്ധ്യാപകൻ ഇതൊന്നും ഗൗരവമായി കാണാതെ മൗനം പുലർത്തിയെന്നും  കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ഇടുക്കി ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറും ഒരു നടപടിയും സ്വീകരിച്ചില്ല.

By Binsha Das

Digital Journalist at Woke Malayalam