ഡൽഹി:
പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് ഡൽഹി കലാപ കുറ്റപത്രത്തിൽ കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ്, ഉദിത് രാജ്, ആക്ടിവിസ്റ്റായ കാവൽപ്രീത് കൗർ, സി.പി.ഐ-എം.എൽ പോളിറ്റ് ബ്യൂറോ അംഗം കവിത കൃഷ്ണൻ എന്നിവരുടെ പേരുകൾ. ഡൽഹി പൊലീസ് സമർപ്പിച്ച 2,695 പേജുള്ള അനുബന്ധ കുറ്റപത്രത്തിലാണ് നേതാക്കളുടെ പേര് പരാമർശിച്ചത്. മുൻ കോൺഗ്രസ് കൗൺസിലർ ഇസ്രത് ജഹാൻ, ശാസ്ത്രജ്ഞൻ ഗൗഹർ റാസ, അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ എന്നിവരുടെ പേരുകളും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഫെബ്രുവരിൽ നടന്ന മഹിള ഏകതാ യാത്ര ഡൽഹി കലാപത്തിന്റെ ഒരുക്കമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി സിപിഐ നേതാവ് ആനി രാജയുടെ സിപിഎം നേതാവ് വൃന്ദാകാരാട്ടിന്റെയും അടക്കം പേരുകൾ കുറ്റപത്രത്തിൽ പരാമർശിച്ചിട്ടുണ്ട്. ഡൽഹി പ്രൊട്ടസ്റ്റ് ഗ്രൂപ്പിൽ ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നെന്നും പോലീസ് ആരോപിച്ചു. സെക്ഷൻ 164 സിആർപിസി വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
12 ആളുകൾ പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയെന്ന് ആരെങ്കിലും പറഞ്ഞാൽ, 12 പേർ ഒരേ തരത്തിലുള്ള പ്രകോപനപരമായ പ്രസംഗം നടത്തിയെന്നും ഓരോരുത്തർക്കും ഒരേ പ്രകോപനമുണ്ടെന്നും പറയാനാകില്ലെന്ന് കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ് പ്രതികരിച്ചു. പ്രകോപനവും കുറ്റപ്പെടുത്തലും ഈ രാജ്യത്ത് ക്രിമിനൽ കുറ്റമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.