ഡൽഹി:
കാര്‍ഷിക ബില്ലുകൾക്കെതിരെ കോൺഗ്രസ് ഇന്ന് ദേശീയ പ്രക്ഷോഭം നടത്തുന്നു. എല്ലാ സംസ്ഥാനങ്ങളിലും പ്രതിഷേധ റാലികൾ സംഘടിപ്പിക്കാനാണ് തീരുമാനം. കാര്‍ഷിക ബില്ലുകൾക്കൊപ്പം തൊഴിൽ കോഡ് ബില്ലുകൾ പാസാക്കിയതിനെയും എതിർത്തുകൊണ്ടാണ് കോൺഗ്രസിന്റെ പ്രക്ഷോഭം. പാര്‍ലമെന്‍റ് സമ്മേളനത്തിലെ അവസാന ദിവസമായ ഇന്നലെ നെൽ കതിരുമായി എത്തി കോണ്‍ഗ്രസ് അംഗങ്ങൾ പ്രതിഷേധിച്ചിരുന്നു. കൂടാതെ കാര്‍ഷിക ബില്ലുകൾ തിരിച്ചയക്കണമെന്ന് ആവശ്യപ്പെട്ട് ഗുലാംനബി ആസാദിന്‍റെ നേതൃത്വത്തിൽ പ്രതിപക്ഷം രാഷ്ട്രപതിയെ സമീപിച്ചിരുന്നു. നാളെ കര്‍ഷക സംഘടനകൾ ഭാരത് ബന്ദിനും ആഹ്വാനം ചെയ്തിട്ടുണ്ട്.
ഈ മാസം 20നാണ് പ്രതിപക്ഷത്തിന്‍റെ കനത്ത പ്രതിഷേധം അവഗണിച്ച് ബിജെപി സർക്കാർ കാർഷിക ബിൽ പാസാക്കിയത്. ഘടകകക്ഷിയായ ശിരോമണി അകാലി ദളിൻ്റെ എതിർപ്പോ മന്ത്രി ഹർസിമ്രത് കൗറിന്‍റെ രാജിയോ ഒന്നും പരിഗണിക്കാതെ ആയിരുന്നു ബിൽ പാസാക്കിയത്.