തിരുവനന്തപുരം:
സ്വന്തം പേരു മറച്ചു വച്ച് കൊവിഡ് പരിശോധന നടത്തിയെന്ന കെഎസ്‍യു സംസ്ഥാന പ്രസിഡന്‍റ് കെ എം അഭിജിത്തിനെതിരെയുള്ള വിവാദത്തിൽ പോലീസ് കേസെടുക്കാന്‍ ഒരുങ്ങുന്നു. അഭിജിത്തിനെ സഹായിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് മന്ത്രി കടകംപളളി സുരേന്ദ്രൻ പറഞ്ഞു. പോത്തന്‍കോട് പഞ്ചായത്തിലെ കൊവിഡ് പരിശോധന കേന്ദ്രത്തില്‍ അഭി കെ എം എന്നാണ് കെ എം അഭിജിത്തിന്‍റെ പേര് ഉൾപ്പെടുത്തിയിരിക്കുന്നത്. നല്‍കിയിരിക്കുന്ന മേല്‍വിലാസം കെഎസ്‍യു നേതാവ് ബാഹുല്‍ കൃഷ്ണയുടേതാണ്.
കൊവിസ് കൂടുതൽ പേരിലേക്ക് പകർത്താനുള്ള ശ്രമമായിരുന്നു അഭിജിത്തിന്റേതെന്ന് പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് വേണുഗോപാൽ നായർ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിവാദം കനക്കുന്നത്. അഭിജിത്തിന് രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നുവെന്നും എന്നിട്ടും തിരുവനന്തപുരത്ത് ടെസ്റ്റ് നടത്താതെ രോഗം മനപൂർവം മറച്ചുവയ്ക്കാൻ ശ്രമിച്ചു എന്നുമായിരുന്നു ആരോപണം.
എന്നാൽ ആരോപണങ്ങള്‍ അനാവശ്യവും രാഷ്ട്രീയപ്രേരിതവുമാണെന്ന് കെഎം അഭിജിത് പ്രതികരിച്ചു. അഭിജിത് എന്ന് തന്നെയാണ് പേര് നല്‍കിയത്. കെഎം അബിയെന്നാണ് രജിസ്റ്ററില്‍ രേഖപ്പെടുത്തിയത്. ഇത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വന്നൊരു പിഴവായിരിക്കാമെന്നും അഭിജിത് ഫെയ്സ്ബുക്കില്‍ കുറിച്ചു. കൊവിഡ് പോസിറ്റീവായതിനാല്‍ ഇദ്ദേഹം ആറ് ദിവസമായി സെല്‍ഫ് ക്വാറന്റീനില്‍ കഴിയുകയാണ്.