Wed. Jan 22nd, 2025

ഡൽഹി:

തൊഴിൽ നിയമഭേദഗതി ബില്ലുകൾ പരിഗണിക്കരുതെന്ന പ്രതിപക്ഷ ആവശ്യം തള്ളിക്കൊണ്ട് തൊഴിൽ നിയമചട്ടങ്ങൾ രാജ്യസഭ പാസാക്കി. തൊഴിലാളികളുടെ സാമൂഹ്യസുരക്ഷ,വ്യവസായ ബന്ധം, തൊഴിൽ സുരക്ഷ, ആരോഗ്യ തൊഴിൽ സാഹചര്യം എന്നിങ്ങനെ മൂന്ന് തൊഴിൽ ചട്ട ഭേദഗതികളാണ് ഇന്ന് പാസായത്. 44 തൊഴിൽ നിയമങ്ങളെ നാല് ചട്ടങ്ങളായി ക്രോഡീകരിക്കുന്നതാണ് ഈ ബില്ലുകൾ. പ്രതിപക്ഷ എംപിമാര്‍ സഭ ബഹിഷ്‌കരിച്ച് പുറത്ത് പ്രതിഷേധിക്കുന്ന ഘട്ടത്തിലാണ് ബില്ലുകൾ പാസാക്കിയിരിക്കുന്നത്.

തൊഴിലുടമക്ക് ഏകപക്ഷീയമായി സേവന വേതന വ്യവസ്ഥകള്‍ തീരുമാനിക്കാനും ഏത് സമയത്തും തൊഴിലാളികളെ പിരിച്ചുവിടാനും അനുമതി നല്‍കുന്നതാണ് ഈ തൊഴിൽ നിയമങ്ങൾ. 300 തൊഴിലാളികള്‍ വരെയുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരെ സര്‍ക്കാരിന്റെ യാതൊരു അനുമതിയുമില്ലാതെ ഇനി പിരിച്ചുവിടാം. ആവശ്യമെങ്കില്‍ സ്ഥാപനം പൂട്ടാനും അനുമതിയുണ്ട്. സ്ഥിരംതൊഴില്‍ എന്ന ആശയവും സംഘടിക്കാനുള്ള അവകാശത്തെയും ഹനിക്കുന്നതാണ് പുതിയ നിയമം. ചെറുകിട വ്യവസായ സംരംഭങ്ങളിലെ തൊഴിൽ വ്യവസ്ഥകൾക്ക് പുതിയ ബില്ലിൽ കാര്യമായ ഇളവുകൾ നൽകിയിട്ടുണ്ട്. ഈ നിയമങ്ങൾ ഇതിനോടകം 16 സംസ്ഥാനങ്ങളില്‍ നടപ്പാക്കിയിട്ടുള്ളതായാണ് കേന്ദ്രം വ്യക്തമാക്കുന്നത്.

തൊഴിൽ നിയമഭേദഗതി ജനാധിപത്യവിരുദ്ധവും ഭരണഘടനലംഘനവുമാണെന്ന് പ്രതിപക്ഷം പാർലമെന്റിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ വ്യവസായിക രംഗത്ത് അനുകൂല്യസാഹചര്യം ഒരുക്കൽ ലക്ഷ്യമിട്ടാണ് തൊഴിൽ നിയമങ്ങൾ ഏകീകരിച്ചതെന്നാണ് കേന്ദ്രസർക്കാർ അവകാശപ്പെടുന്നത്.

By Athira Sreekumar

Digital Journalist at Woke Malayalam