Fri. Nov 22nd, 2024

ഡൽഹി:

കാർഷിക ബിൽ, തൊഴിൽ ബിൽ, ജമ്മു കശ്മീർ ഔദ്യോഗികഭാഷ ബിൽ തുടങ്ങി സുപ്രധാന ബില്ലുകൾ പാസാക്കി രാജ്യസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. സമ്മേളനത്തിൽ പങ്കെടുത്ത എംപിമാർക്കടക്കം കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നിശ്ചയിച്ചതിലും എട്ട് ദിവസം മുന്നേ പാർലമെൻ്റ് സമ്മേളനം വെട്ടിചുരുക്കാൻ കേന്ദ്രം തീരുമാനിച്ചത്. അതേസമയം ഇരുസഭകളും ബഹിഷ്ക്കരിച്ച പ്രതിപക്ഷം പാർലമെൻറ് വളപ്പിൽ സംയുക്തമായി പ്രതിഷേധം തുടരുകയാണ്.

സഭയിൽ നടന്ന ചില സംഭവങ്ങൾ ആവർത്തിക്കരുതെന്ന് സഭ അവസാനിപ്പിച്ചുകൊണ്ട് രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡു പറഞ്ഞു. കാർഷിക ബിൽ അവതരിപ്പിക്കുമ്പോൾ സഭയിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ഇതേ തുടർന്ന് കേരളത്തിലെ രണ്ട് എംപിമാർക്കുൾപ്പടെ പ്രതിപക്ഷത്തെ എട്ട് അംഗങ്ങൾക്ക് സസ്പെൻഷനും ലഭിച്ചു. പാർലമെൻറിൻറെ അന്തസ്സ് ഉയർത്തി പിടിക്കാനാണ് അംഗങ്ങൾക്കെതിരെ നടപടി എടുത്തതെന്നും ബഹിഷ്ക്കരണത്തിലൂടെ ബില്ലുകൾ തടുക്കാൻ ആരെയും അനുവദിക്കാനാവില്ലെന്നും വെങ്കയ്യ നായിഡു അഭിപ്രായപ്പെട്ടു. പ്രതിഷേധിക്കാൻ എല്ലാ അംഗങ്ങൾക്കും അവകാശമുണ്ട്, എന്നാൽ അതു പരിധിവിടാതെ നോക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

By Athira Sreekumar

Digital Journalist at Woke Malayalam