തിരുവനന്തപുരം:
സിആപ്റ്റില്‍ വീണ്ടും എന്‍ഐഎ പരിശോധന നടത്തുന്നു. നയതന്ത്ര പാഴ്സലുകൾ വഴിയെത്തിയ മതഗ്രന്ഥങ്ങൾ സി ആപ്റ്റ് വഴി മലപ്പുറത്ത് എത്തിച്ച സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിനാണ് എന്‍ഐഎ ഇന്ന് വീണ്ടും തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലെ സിആപ്റ്റില്‍ എത്തി പരിശോധന നടത്തുന്നത്.
ചൊവ്വാഴ്ചയും മൂന്ന് ഘട്ടങ്ങളായി എന്‍ഐഎ സി ആപ്റ്റില്‍ പരിശോധന നടത്തിയിരുന്നു. സി ആപ്റ്റ് മുന്‍ എംഡിയുടെയും ജീവനക്കാരുടെയും അടക്കം മൊഴി എടുത്തിരുന്നു. വന്ന പായ്ക്കറ്റുകളില്‍ നിന്നെടുത്ത ഖുറാന്‍ സി ആപ്റ്റിലെ ജീവനക്കാരന്റെ വീട്ടില്‍ നിന്ന് പരിശോധനയ്ക്കായി എന്‍ഐഎ ഏറ്റുവാങ്ങിയിട്ടുണ്ട്.
മത ഗ്രന്ഥങ്ങളുമായി മലപ്പുറത്തേക്ക് വാഹനം പോകുമ്പോള്‍ തൃശ്ശൂരിന് ശേഷം ജിപിഎസ് സംവിധാനങ്ങള്‍ കട്ടായി എന്ന ആക്ഷേപം ഉയർന്നിരുന്നു. ഇത് സംബന്ധിച്ച് ജീവനക്കാരെ കൊച്ചിയില്‍ വിളിച്ചുവരുത്തി കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ജിപിഎസ് സംവിധാനം തകരാറില്‍ ആയത് സംബന്ധിച്ച കൃത്യമായ വിവരങ്ങൾ പങ്കുവെയ്ക്കാൻ ജീവനക്കാർക്ക് ആയില്ല. എൻ ഐ എ ഇത് സംബന്ധിച്ച് അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.