Fri. Apr 26th, 2024

തിരുവനന്തപുരം:

കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച

കാര്‍ഷിക ബില്ലുകള്‍ക്കെതിരെ സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. ഇക്കാര്യത്തിൽ നിയമോപദേശം തേടിയിട്ടുണ്ട്. സംസ്ഥാനത്തിന്‍റെ അധികാരം കവര്‍ന്നെടുക്കുന്നതാണ് പുതിയ നിയമം. ഗുരുതരമായ ഭരണഘടന വിഷയമാണിതെന്നും മന്ത്രിസഭാ യോഗം വിലയിരുത്തി.

ആത്മനിർഭർ പാക്കേജിന്റെ ഭാഗമായി കാർഷിക വിപണിയുടെ പരിഷ്കാരത്തിനു മൂന്ന് ഓർഡിനൻസുകളാണ് ജൂണിൽ കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്തത്. ഒരു രാജ്യം ഒരു കാർഷിക വിപണി’ എന്ന ലക്ഷ്യത്തോടെ ഇന്ത്യയിലെവിടെയും ഉൽപന്നങ്ങൾ വിറ്റഴിച്ച് കർഷകർക്കു പരമാവധി വരുമാനം നേടിക്കൊടുക്കുകയാണ് ഈ പരിഷ്കാരങ്ങളുടെ ലക്ഷ്യമെന്നാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്.

ഈ ഓര്‍ഡിനന്‍സുകള്‍ക്ക് പകരമാണ് രാജ്യസഭയിലും ലോക്സഭയിലും മൂന്ന് ബില്ലുകള്‍ അവതരിപ്പിച്ചത്. പ്രതിപക്ഷത്തിന്‍റെയും കര്‍ഷകരുടെയും എതിര്‍പ്പുകള്‍ പരിഗണിക്കാതെ അവ പാസാക്കുകയായിരുന്നു.

സംസ്ഥാനങ്ങളുടെ അധികാരത്തിന് മേലുള്ള കടന്നുകയറ്റമാണ് കേന്ദ്ര സര്‍ക്കാര്‍ നടപടിയെന്നാണ് സംസ്ഥാനത്തിന്റെ വിലയിരുത്തൽ.

By Athira Sreekumar

Digital Journalist at Woke Malayalam