Mon. Dec 23rd, 2024
തിരുവനന്തപുരം:

തിരുവനന്തപുരം സ്വർണകള്ളക്കടത്ത് കേസിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കരനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്.ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ട് ശിവശങ്കരന് ഉടൻ നോട്ടിസ് നൽകുമെന്ന് അധികൃതർ അറിയിച്ചു.കേസിൽ കൂടുതൽ അറസ്റ്റുകൾ ഉടനുണ്ടാവുമെന്നാണ് റിപ്പോർട്ട്.

യുഎഇ കോൺസുലേറ്റ് വഴി പാർസൽ വിതരണം ചെയ്ത സംഭവത്തിൽ പ്രോട്ടോകോൾ ഓഫിസർക്കും,സാമൂഹ്യക്ഷേമ വകുപ്പിനും കസ്റ്റംസ് നോട്ടിസ് നൽകിയിട്ടുണ്ട്. പാഴ്‌സലുകൾ ഏറ്റുവാങ്ങയത് സംബന്ധിച്ച് മുഴുവൻ രേഖകളും ഹാജരാക്കാനും ആവശ്യപ്പെട്ടു.

അതേസമയം, കേസിലെ പ്രതികൾ ബിനാമികളാണെന്ന് ആധായ നികുതി വകുപ്പ് കണ്ടെത്തി. പ്രതി സ്വപ്‌നാ സുരേഷിൽ നിന്നും പിടിച്ചെടുത്തത് ബിനാമി പണമാണെന്നാണ് ആദായ നികുതി വകുപ്പിന്റെ പ്രാഥമിക കണ്ടെത്തൽ.

ബിനാമി പണമായത് കൊണ്ടാണ് ഇത് ലോക്കറിൽ സൂക്ഷിച്ചതെന്നാണ് നിഗമനം. സ്വപ്നയുമായി അടുപ്പമുണ്ടായിരുന്ന ഉന്നത ഉദ്യോഗസ്ഥരുടേയും, രാഷ്ട്രീയ നേതാക്കളുടേയും സ്വത്ത് വിവരങ്ങളും ആദായ നികുതി വകുപ്പ് ശേഖരിക്കുകയാണ്. ഇത് സംബന്ധിച്ച് ആദായ നികുതി വകുപ്പ് കൂടുതൽ അന്വേഷണത്തിലേയ്ക്ക് കടക്കുകയാണ്.