Mon. Dec 23rd, 2024
വാഷിംഗ്ടൺ :

അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന് മാരക വിഷമടങ്ങിയ കത്ത് അയച്ചെന്ന് സംശയിക്കുന്ന സ്ത്രീ അറസ്റ്റില്‍. കാനഡയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോകുമ്പോഴാണ് സ്ത്രീ പിടിയിലായത്. അറസ്റ്റ് ചെയ്യുമ്പോള്‍ അവരുടെ കയ്യില്‍ തോക്കുണ്ടായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. അന്വേഷണം തുടരുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാവില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

റിസിന്‍ എന്ന മാരക വിഷമടങ്ങിയ കത്താണ് ട്രംപിന്‍റെ പേരില്‍ എത്തിയത്. കത്ത് വൈറ്റ് ഹൗസിലേക്ക് എത്തുന്നതിന് മുന്‍പ് തടഞ്ഞെന്നും യു.എസ് അധികൃതര്‍ അറിയിച്ചു. റിസിന്‍ ഉള്ളില്‍ ചെന്നാല്‍ 36 മുതല്‍ 72 മണിക്കൂറിനുള്ളില്‍ മരണം സംഭവിക്കും. റിസിന്‍ വിഴുങ്ങുകയോ ശ്വസിക്കുകയോ കുത്തിവെക്കുകയോ ചെയ്താല്‍ ഛര്‍ദ്ദി, ആന്തരിക രക്തസ്രാവം, അവയവങ്ങളുടെ പ്രവര്‍ത്തനം നിലയ്ക്കല്‍ എന്നിവ സംഭവിക്കും.

കത്ത് വന്നത് കാനഡയിലെ ക്യുബെകില്‍ നിന്നാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനും സീക്രട്ട് സര്‍വീസുമാണ് സംഭവത്തില്‍ അന്വേഷണം നടത്തുന്നത്. കനേഡിയന്‍ പൊലീസും എഫ്ബിഐ അന്വേഷണത്തോട് സഹകരിക്കുന്നുണ്ട്.

ഇതിന് മുന്‍പ് ബറാക് ഒബാമയ്ക്ക് റിസിന്‍ അടങ്ങിയ കത്ത് അയച്ചതിന് മിസിസ്സിപ്പി സ്വദേശിക്ക് 25 വര്‍ഷം തടവ് വിധിച്ചിരുന്നു. 2018ല്‍ വിരമിച്ച നേവി ഉദ്യോഗസ്ഥനും പെന്‍റഗണിലേക്കും വൈറ്റ് ഹൌസിലേക്കും വിഷമടങ്ങിയ കത്തുകള്‍ അയച്ചതിന് പിടിയിലായിരുന്നു.