Thu. Jan 23rd, 2025

ഡൽഹി:

കർഷക ബില്ലുകൾ വോട്ടെടുപ്പിന് വിടാതെ പാസാക്കിയ നടപടിയ്‌ക്കെതിരെ ഇന്നലെ രാജ്യസഭയിൽ അരങ്ങേറിയ പ്രതിഷേധം നിർഭാഗ്യകരമായ സംഭവങ്ങളാണെന്ന് രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡു. കാർഷിക ബില്ലുകൾ പാസാക്കുന്നതിനിടെ സഭയെ അവഹേളിക്കുന്ന തരത്തിലുള്ള പെരുമാറ്റം ചില അംഗങ്ങളുടെ ഭാഗത്തു നിന്നുണ്ടായെന്ന് അദ്ദേഹം പറഞ്ഞു. രാജ്യസഭ ഉപാദ്ധ്യക്ഷനെ അപമാനിച്ചതിന് തൃണമൂൽ അം​ഗം ഡെറിക് ഒബ്രിയാൻ, കെ കെ രാ​ഗേഷ്, എളമരം കരീം ഉൾപ്പടെയുള്ള എട്ട് എംപിമാരെ ഒരാഴ്ച്ചത്തേക്ക് സഭയിൽ നിന്ന് പുറത്താക്കി. എംപിമാരുടെ പെരുമാറ്റം അപലപനീയമെന്ന് വെങ്കയ്യ നായിഡു പറഞ്ഞു.

സഞ്ജയ് സിം​ഗ് (എഎപി), റിപുൻ ബോറ (കോൺ​ഗ്രസ്), ദോല സെൻ (കോൺ​ഗ്രസ്), സയ്യിദ് നാസിർ ഹുസൈൻ (കോൺ​ഗ്രസ്), രാജീവ് സത്വ (കോൺ​ഗ്രസ്) എന്നിവരാണ് പുറത്താക്കപ്പെട്ട മറ്റ് എംപിമാർ. ഒരാഴ്ചത്തേക്ക് പുറത്താക്കപ്പെട്ടതിനാൽ ഈ സമ്മേളന കാലയളവ് മുഴവൻ ഇവർ സസ്പെൻഷനിലായിരിക്കും. കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് എംപിമാരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചത്.

 

By Arya MR