കൊച്ചി:
യുഎഇ കോണ്‍സുലേറ്റില്‍ നിന്നുള്ള ഈത്തപ്പഴം വിതരണം ചെയ്തതിന്റെ വിവരങ്ങള്‍ അഞ്ച് ജില്ലകളില്‍ നിന്ന് ശേഖരിച്ചുവെന്ന് സാമൂഹ്യ നീതി വകുപ്പ്. ഈ മാസം 30നുള്ളില്‍ വിവരങ്ങള്‍ കസ്റ്റംസിന് കൈമാറും. യുഎഇയുടെ സഹായം സ്വീകരിക്കുക മാത്രമാണ് ചെയ്തതെന്നാണ് സാമൂഹ്യ നീതി വകുപ്പിന്റെ വിശദീകരണം. ഈത്തപ്പഴം വിതരണം ചെയ്തതിന്റെ വിവരങ്ങള്‍ തേടി കസ്റ്റംസ് സാമൂഹ്യ നീതി വകുപ്പിന് നോട്ടീസ് നല്‍കിയിരുന്നു.
യുഎഇ കോണ്‍സുലേറ്റിലെത്തിയ ഈത്തപ്പഴം ഏതൊക്കെ ജില്ലകളില്‍ എത്ര കിലോ വിതരണം ചെയ്തു എന്ന വിവരങ്ങളാണ് കസ്റ്റംസ് തേടിയത്. അഞ്ച് ജില്ലകളിലെ കണക്കെടുത്തുവെന്നും മറ്റു ജില്ലകളിലെ വിവരങ്ങള്‍ ഉടന്‍ ശേഖരിക്കുമെന്നും സാമൂഹ്യ നീതി വകുപ്പ് അറിയിച്ചു.
17000 കിലോ ഈത്തപ്പഴം എത്തിയത് സംബന്ധിച്ചാണ് അന്വേഷണം. 2017 മെയിലായിരുന്നു അനാഥാലയങ്ങളിലെ ഈത്തപ്പഴ വിതരണം. സാമൂഹ്യ നീതി വകുപ്പിന്‍റെ കീഴില്‍ 1200ഓളം കേന്ദ്രങ്ങളുണ്ട്. ഇവിടങ്ങളില്‍ 30000 കുട്ടികളുമുണ്ട്. അതുകൊണ്ടുതന്നെ ഈത്തപ്പഴത്തിന്‍റെ അളവില്‍ അസ്വാഭാവികതയില്ലെന്നാണ് സാമൂഹ്യ നീതി വകുപ്പിന്റെ വിശദീകരണം.
യുഎഇയുടെ സഹായം സ്വീകരിക്കുക മാത്രമാണ് ചെയ്തതെന്ന് സാമൂഹ്യ നീതി ഡയറക്ടര്‍ പറയുന്നു. ഈ മാസം 30ആം തിയ്യതിക്കുള്ളില്‍ വിവരങ്ങള്‍ കസ്റ്റംസിന് കൈമാറുമെന്നും സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.