Thu. Apr 25th, 2024
കൊച്ചി:

മന്ത്രി കെ ടി ജലീലിൽ നിന്നും ദേശീയ അന്വേഷണ ഏജന്‍സി വീണ്ടും മൊഴിയെടുക്കുമെന്ന് സൂചന. സ്വപ്നയെ ഒരിക്കൽ കൂടി ചോദ്യം ചെയ്ത ശേഷമായിരിക്കും മന്ത്രിയെ വീണ്ടും വിളിപ്പിക്കുക. മന്ത്രിയുടെ വിദേശ യാത്ര അടക്കം പരിശോധിക്കുന്നുണ്ട്. കസ്റ്റംസും മന്ത്രിയിൽ നിന്ന് ഉടൻ മൊഴിയെടുക്കും.

8 മണിക്കൂറാണ് എന്‍ഐഎ മന്ത്രി ജലീലിന്റെ മൊഴിയെടുത്തത്. ഈ മൊഴിയുടെ പരിശോധന നടന്നുവരികയാണ്. ഡൽഹിയിലെ മുതിർന്ന ഉദ്യോഗസ്ഥരും മൊഴി പരിശോധിക്കുന്നുണ്ട്. സ്വർണക്കടത്ത് നടത്താൻ മന്ത്രിയുടെ ഓഫീസിനെ ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്. സ്വപ്ന അടക്കമുള്ള ചില പ്രതികളെ മന്ത്രിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വീണ്ടും ചോദ്യം ചെയ്യും.

22ആം തീയ്യതി സ്വപ്നയെ കോടതിയിൽ ഹാജരാക്കുമ്പോൾ എൻഐഎ കസ്റ്റഡിയിൽ വങ്ങിയേക്കുമെന്നാണ് സൂചന. ഡിജിറ്റൽ തെളിവുകളുടെ പരിശോധന കൂടി പൂർത്തിയാക്കിയ ശേഷമാകും മന്ത്രിയിൽ നിന്നും വീണ്ടും വിശദീകരണം തേടുക. പ്രതികളുടെ ഫോണിലെ വാട്സ് ആപ്പ്, ടെലഗ്രാം ചാറ്റുകൾ റിക്കവര്‍ ചെയ്തിട്ടുണ്ട്.

അതേസമയം കസ്റ്റംസ് കെ ടി ജലീലിൽ നിന്നും മൊഴിയെടുക്കാൻ നടപടികൾ ആരംഭിച്ചു. യുഎഇ കോൺസുലേറ്റുമായി നടത്തിയ ഇടപെടലുകളില്‍ വിശദീകരണം തേടുകയാണ് ലക്ഷ്യം. എന്‍ഐഎയുടെയും ഇ.ഡിയുടേയും ചോദ്യം ചെയ്യൽ വിശദാംശങ്ങൾ കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്.