Mon. Dec 23rd, 2024

ഡൽഹി:

മാധ്യമങ്ങളുടെ സ്വാതന്ത്ര്യം ജനാധിപത്യത്തിന്‍റെ അനിവാര്യമായ ഘടകങ്ങളില്‍ ഒന്നാണ്. അത് നിഷേധിക്കപ്പെടുമ്പോള്‍ അഭിപ്രായ സ്വാതന്ത്ര്യം തന്നെയാണ് ഇല്ലാതാക്കപ്പെടുന്നത്. എന്നാല്‍ ആ സ്വാതന്ത്ര്യം ഒരു ജനതയുടെ അന്തസിനെ തകര്‍ക്കുന്നതാകാമോ? സുദര്‍ശന്‍ ടിവിയുടെ വിദ്വേഷ പ്രചാരണ കേസില്‍ സുപ്രീം കോടതി ഉന്നയിക്കുന്ന ചോദ്യം നമ്മുടെ കാലത്ത് അതീവ പ്രസക്തമായ ഒരു സംവാദ വിഷയമാണ്.

സിവില്‍ സര്‍വീസിലേക്ക് മുസ്ലിങ്ങള്‍ കൂടുതലായി പ്രവേശിക്കുന്നുവെന്നും അത് ‘നുഴഞ്ഞുകയറ്റ’മാണ് എന്നുമാണ്  സുദര്‍ശന്‍ ടി വി സംപ്രേഷണം ചെയ്യാനിരുന്ന വാര്‍ത്താധിഷ്ഠിത പരിപാടി ‘ബിന്ദാസ് ബോല്‍’ പറയുന്നത്. ‘യുപിഎസ് സി ജിഹാദ്’ എന്നും അവര്‍ അതിനെ വിശേഷിപ്പിച്ചു. സിവിൽ സർവീസിൽ ചേരുന്ന ന്യൂനപക്ഷ വിഭാഗത്തിലെ മുഴുവൻ പേരെയും അപമാനിക്കുന്ന തരത്തിലാണ് ആ ഷോ എന്ന് കണ്ടെത്തിയ സുപ്രീം കോടതി അതിന്‍റെ സംപ്രേഷണം തടയുകയും ചെയ്തു.

സിവിൽ സർവീസ് പരീക്ഷയിൽ ഹിന്ദുക്കളുടെ ഉയർന്ന പ്രായപരിധി 32 വയസും, മുസ്‌ലിംകളുടെ പ്രായപരിധി 35 വയസും ആണ്. യു.പി.എസ്.സി. പരീക്ഷ എഴുതാൻ ഹിന്ദു വിഭാഗത്തിന് ആറ് ശ്രമങ്ങളും, ന്യൂനപക്ഷ വിഭാഗത്തിന് ഒൻപത് ശ്രമങ്ങളും ഉണ്ട് തുടങ്ങിയ പരാമർശങ്ങളാണ് സുദര്‍ശന്‍ ടി വി നടത്തിയത്. കൂടാതെ ആൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ നേതാവ് അസദുദ്ദീൻ ഒവൈസിയുടെ നിർദ്ദേശ പ്രകാരം മുസ്ലീങ്ങൾ സിവിൽ സർവീസുകളിൽ ‘നുഴഞ്ഞുകയറുമ്പോൾ’ ഐ‌എ‌എസ്, ഐപിഎസ് സംഘടനകൾ എന്തുകൊണ്ട് പ്രതികരിക്കുന്നില്ല എന്നും അവര്‍ ചോദിച്ചു.

സിവിൽ സർവീസിൽ മുസ്‌ലിംകളുടെ എണ്ണം വർദ്ധിക്കുന്നത് സംബന്ധിച്ച ചാർട്ടുകൾ പോലും പ്രദർശിപ്പിച്ചുകൊണ്ടായിരുന്നു ആരോപണങ്ങൾ. മുസ്ലിം വിദ്യാര്‍ത്ഥികളെ യുപിഎസ് സി പരീക്ഷകള്‍ക്ക് പരിശീലനം നല്‍കുന്ന സകാത്ത് ഫൗണ്ടേഷന് ഫണ്ട് നല്‍കിയവരില്‍ ചിലര്‍ക്ക് ഭീകരവാദ സംഘടനകളുമായി ബന്ധമുണ്ട് എന്നായിരുന്നു മറ്റൊരു ആരോപണം.

സുദര്‍ശന്‍ ടി വിയുടെ ഇത്തരം മതവിദ്വേഷ പരാമർശങ്ങൾക്കെതിരെ അഭിഭാഷകൻ ഫിറോസ് ഇക്ബാൽ ഖാനാണ് സുപ്രീംകോടതിയെ സമീപിച്ചത്. ‘ബിന്ദാസ് ബോല്‍’ ഷോയുടെ അവതാരകനും ചാനലിന്റെ എഡിറ്റർ ഇൻ ചീഫുമായ സുരേഷ് ചവങ്കെയെതിരെ നടപടി ആവശ്യപ്പെട്ടാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. പ്രഥമദൃഷ്ട്യാ തന്നെ മത വിദ്വേഷം പ്രകടിപ്പിക്കുന്നതാണ് ഷോയുടെ ഉള്ളടക്കമെന്ന് ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര, കെ എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ഒരു രൂപത്തിലും അത് സംപ്രേഷണം ചെയ്യരുത് എന്ന് കോടതി ഉത്തരവിടുകയും ചെയ്തു.

മാധ്യമപ്രവർത്തകർ സംവാദങ്ങളിൽ നീതി പുലർത്തേണ്ടതുണ്ടെന്നും അവരുടെ സ്വാതന്ത്ര്യം മറ്റേതൊരു പൗരന്റെയും സ്വാതന്ത്ര്യത്തിന് തുല്യമാണെന്ന് ഓർക്കണമെന്നുമാണ്  കോടതി ഓർമ്മപ്പെടുത്തി. സോളിസിറ്റർ ജനറൽ തുഷാർ മേഹ്തയെ വിദഗ്ധ ഉപദേശത്തിനായി സമീപിക്കുകയും ചെയ്തു.

എന്നാൽ ദൃശ്യ മാധ്യമങ്ങളെക്കാൾ ഡിജിറ്റല്‍ മീഡിയയെ ആണ് ആദ്യം നിയന്ത്രിക്കേണ്ടതെന്നായിരുന്നു കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം കോടതിയിൽ പറഞ്ഞത്. വാട്സാപ്പ്, ട്വിറ്റര്‍, ഫെയ്സ്ബുക്ക് തുടങ്ങിയവയിലൂടെ ഡിജിറ്റല്‍ മീഡിയ വാര്‍ത്തകള്‍ അതിവേഗം വലിയ വിഭാഗം ജനങ്ങളില്‍ എത്തുന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. ഇലക്ട്രോണിക്, പ്രിന്‍റ് മാധ്യമങ്ങളുടെ പ്രവര്‍ത്തനത്തിന് നിലവില്‍ മാർഗ്ഗരേഖയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇപ്പറയുന്ന മാർഗ്ഗരേഖ ഉണ്ടായിട്ടും മാധ്യമങ്ങൾ എന്തുകൊണ്ട് ഇവയൊന്നും പാലിക്കുന്നില്ല എന്ന് കോടതി ചോദിച്ചു.  മത സൗഹാര്‍ദ്ദത്തെ തകര്‍ക്കുന്നതും മുസ്ലിങ്ങളെ കുഴപ്പക്കാരായി ചിത്രീകരിക്കുന്നതുമായ അത്തരം ഒരു പരിപാടി അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. “രാജ്യസുരക്ഷ സംബന്ധിച്ച വിഷയങ്ങളിൽ കോടതിക്ക് തികഞ്ഞ നിഷ്ഠ തന്നെയാണുള്ളത്. പക്ഷേ, അതിന്റെ പേരും പറഞ്ഞുകൊണ്ട് ഒരു പ്രത്യേക സമുദായത്തെ  ചാപ്പകുത്താൻ ശ്രമിക്കുന്നത് ആ സമുദായത്തിലെ ബഹുഭൂരിപക്ഷം വരുന്ന നല്ല മനുഷ്യരെ മുഖ്യധാരയിൽ നിന്ന് അകറ്റും.” ഇതാണ് ബെഞ്ച് ചൂണ്ടിക്കട്ടിയത്.

അടിയന്തരാവസ്ഥക്കാലത്ത് മാധ്യമങ്ങൾ നേരിട്ട സെൻസർഷിപ്പിനെക്കുറിച്ച് നല്ല ബോധ്യമുണ്ടെന്നും കോടതി പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യവും ആശയപ്രകാശനവും പ്രോത്സാഹിപ്പിക്കേണ്ടത് തന്നെയാണെന്നും അഭിപ്രായപ്പെട്ടു.
മാധ്യമങ്ങൾ സ്വയം നിയന്ത്രിക്കാത്തത് കൊണ്ടും ആരും ഇതിനെതിരെ നടപടി എടുക്കാത്തതുകൊണ്ടുമാണ് സുപ്രീംകോടതിക്ക് ഈ വിഷയത്തിൽ ഇടപെടേണ്ടി വന്നതെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. “സുപ്രീം കോടതി എന്തെങ്കിലും സ്റ്റേ ചെയ്യുന്നത് ഒരു ന്യൂക്ലിയർ മിസൈൽ പോലെയാണ്. ആരും നടപടിയെടുക്കാത്തതിനാൽ ഞങ്ങൾക്ക് കാലെടുത്തുവെക്കേണ്ടി വന്നു”, അദ്ദേഹം വ്യക്തമാക്കി. ഏതെങ്കിലും ഒരു പ്രത്യേക മതവിഭാഗത്തെ അവഹേളിക്കാന്‍ മാധ്യമങ്ങള്‍ക്ക് അധികാരമില്ല. ദേശസുരക്ഷയുടെ പ്രശ്നം അംഗീകരിക്കുമ്പോഴും ഒരു വ്യക്തിയുടെ വ്യക്തിപരമായ അവകാശങ്ങളും അംഗീകരിപ്പെടേണ്ടതാണ്. വൈവിധ്യങ്ങൾ നിറഞ്ഞ, യോജിപ്പുള്ള രാഷ്ട്രമാണ് ആവശ്യമെന്നും കോടതി നിരീക്ഷിച്ചു. സ്വയം നിയന്ത്രണ സംവിധാനങ്ങള്‍ ശക്തിപെടുത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കോടതി കേന്ദ്ര സര്‍ക്കാരിനോടും, NBA യോടും നിര്‍ദേശിച്ചു.

എന്നാൽ അതേ സ്വാതന്ത്ര്യത്തെ സർവ്വാധികാരമായി കാണാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടതെന്ന് കോടതി ഓർമ്മിപ്പിക്കുന്നു. മാധ്യമങ്ങൾ സ്വയം നിയന്ത്രിക്കാതെ ഇത്തരം പ്രചാരണങ്ങൾ അവസാനിക്കില്ല എന്ന കോടതിയുടെ പരാമര്‍ശം  ശ്രദ്ധേയമാണ്. മാധ്യമ സ്വാതന്ത്ര്യമെന്നത് ഒരു ജനതയുടെ അന്തസിന് നേരെയുള്ള കടന്നുകയറ്റമാകരുത് എന്നാണ് കോടതി ഇത്തരവ് മാധ്യമങ്ങളോട് പറയുന്നത്.
രാജ്യത്ത് ശക്തമായിക്കൊണ്ടിരിക്കുന്ന അസഹിഷ്ണുതയുടെയും ന്യൂനപക്ഷ വിരുദ്ധ പ്രചാരണങ്ങളുടെയും പശ്ചാത്തലത്തിലാണ് സുപ്രീം കോടതിയുടെ ഉത്തരവും പരാമര്‍ശവും പ്രാധാന്യമര്‍ഹിക്കുന്നത്. അടുത്ത കാലത്താണ് സ്വതന്ത്ര സാമൂഹിക മാധ്യമമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഫേസ്ബുക്കിന്‍റെ ഇന്ത്യയിലെ മേധാവികള്‍ തന്നെ മുസ്ലിം വിരുദ്ധ വിദ്വേഷ പ്രചാരണത്തിന് പ്രതിക്കൂട്ടിലായത്. ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന സുരേഷ് ചവങ്കെ നടത്തുന്ന സുദര്‍ശന്‍ ടിവി മാത്രമാണോ ഇത്തരം വിദ്വേഷ പ്രചാരണം നടത്തുന്നത്? സെക്യുലര്‍ പരിവേഷം സൂക്ഷിക്കുന്ന ചാനലുകളും സമാനമായ തരത്തില്‍ വിദ്വേഷം ഉത്പാദിപ്പിക്കുന്നുണ്ട് എന്ന് അവരുടെ രാത്രി ചര്‍ച്ചകളും ദേശ സ്നേഹ മറ പിടിച്ചുള്ള  ആങ്കര്‍മാരുടെ രോഷപ്രകടനങ്ങളും ജിഹാദി പ്രയോഗങ്ങളും എല്ലാം വ്യക്തമാക്കുന്നുണ്ട്.

വിദ്വേഷജനകമായ രാഷ്ട്രീയത്തിന്‍റെ വ്യാപനത്തിന്‍റെ ഉപോല്‍പ്പന്നം മാത്രമാണ് മാധ്യമങ്ങളെയും പിടികൂടിയിരിക്കുന്നത്. രാജ്യത്തിന്‍റെ മതേതര ഘടനയെ തന്നെ തകര്‍ക്കുന്നതില്‍ മാധ്യമങ്ങളും പങ്ക് വഹിക്കുന്നത് വലിയ പ്രത്യാഘാതമാണ് സൃഷ്ടിക്കുക. സുദര്‍ശന്‍ കേസില്‍ സുപ്രീം കോടതി ജഡ്ജിമാര്‍ നടത്തിയ നിരീക്ഷണങ്ങള്‍ക്ക് ഈ സാഹചര്യത്തിലാണ് പ്രസക്തിയേറുന്നത്.

By Athira Sreekumar

Digital Journalist at Woke Malayalam