Sun. Dec 22nd, 2024
തിരുവനന്തപുരം:

സംസ്ഥാന സര്‍ക്കാരിന്റെ ജനപ്രീതിയിൽ അസ്വസ്ഥരായവര്‍ സംസ്ഥാനത്ത് അട്ടിമറി സമരം  നടത്തുന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സര്‍ക്കാരിനെ അട്ടിമറിക്കാൻ ആസൂത്രിത  നീക്കം നടക്കുകയാണെന്നും കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു.  കേരളത്തിൽ കോൺഗ്രസും ബിജെപിയും നടത്തുന്ന  അട്ടിമറി സമരങ്ങളെ തുറന്ന് കാണിക്കാൻ ഏര്യാ തലങ്ങളിൽ പ്രതിഷേധം ശക്തമാക്കും. പ്രക്ഷോഭങ്ങൾ ഇടത്  സര്‍ക്കാരിനെ അട്ടിമറിക്കാനാണ്. ഇതിന് ജനപിന്തുണ ഇല്ല. ഓരോ ദിവസവും സമരക്കാര്‍ ഒറ്റപ്പെടുന്നു.

ഇതോടെ  അറിയപ്പെടുന്ന ഗുണ്ടകളെ റിക്രൂട്ട് ചെയ്താണ് കോൺഗ്രസും ബിജെപിയും സമരം നയിക്കുന്നത്. തിരുവനന്തപുരത്ത്  ഗുണ്ടാ സംഘങ്ങൾ ഒത്ത് ചേര്‍ന്ന പോലെ സംസ്ഥാനത്തെല്ലായിടത്തും നടക്കുന്നു. ഇടത് മുന്നണിക്ക് തുടര്‍ ഭരണമുണ്ടാകുമെന്ന നിലവന്നപ്പോഴാണ് കോൺഗ്രസിന് ഹാലിളകിയത്. കോര്‍പറേറ്റുകളും  ജാതിമത ശക്തികളും ഉൾപ്പെട്ട വലതുപക്ഷ ശക്തികളും അണിനിരക്കുന്ന സമരമാണ് നടക്കുന്നത്. സര്‍ക്കാര്‍  എടുക്കുന്നത് ജനപക്ഷ സമീപനമാണ്. ഇതിൽ പ്രതിപക്ഷത്തിന് പരിഭ്രാന്തിയുണ്ട്. നൂറിന കര്‍മ്മ  പദ്ധതികളുണ്ടാക്കുന്ന സൽപ്പേരും ക്ഷേമ പെൻഷനുകളും പ്രതിപക്ഷത്തെ അസ്വസ്ഥരാക്കുകയാണെന്നും കോടിയേരി പറഞ്ഞു.