Thu. Jan 23rd, 2025

മുംബെെ:

കോണ്‍ഗ്രസ് നേതാവും അഭിനേത്രിയുമായ ഊര്‍മിള മണ്ഡോത്കറിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പരാമര്‍ശവുമായി ബോളിവുഡ് നടി കങ്കണ റണൗട്ട് രംഗത്ത്. ഊർമിള അറിയപ്പെടുന്നത് ഒരു സോഫ്റ്റ് പോൺ സ്റ്റാർ എന്ന പേരിലാണെന്നും അല്ലാതെ ഒരു നല്ല നടിയായത് കൊണ്ടല്ലെന്നും കങ്കണ പറഞ്ഞു.

”ഊര്‍മിള മണ്ഡോത്കര്‍ ഒരു അഭിമുഖത്തില്‍ തന്നെ അവഹേളിക്കുന്നതായി താന്‍ കണ്ടു. അവര്‍ എന്നെക്കുറിച്ച് സംസാരിച്ച രീതി വളരെ മോശമാണ്. എന്‍റെ പോരാട്ടങ്ങളെ മോശമായ രീതിയില്‍ പരഹസിച്ചു. ടിക്കറ്റിനായി ബിജെപിയെ പ്രീണിപ്പിക്കാൻ ഞാൻ ശ്രമിക്കുന്നു എന്ന പരാമര്‍ശം എന്നെ വല്ലാതെ വേദനിപ്പിച്ചു. ഊർമിള ഒരു സോഫ്ട് പോൺസ്റ്റാർ. അല്ലാതെ അവർ അറിയപ്പെടുന്നത് അഭിനയത്തിന്റെ പേരിലല്ല. അവർക്ക് പോലും ടിക്കറ്റ് കിട്ടുന്നുവെങ്കിൽ എനിക്ക് എന്തുകൊണ്ട് കിട്ടിക്കൂടാ”എന്നായിരുന്നു കങ്കണയുടെ പരാമർശം.

അതേസമയം, കങ്കണയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് നടി സ്വര ഭാസ്‌കര്‍, സംവിധായകന്‍ അനുഭവ് സിന്‍ഹ എന്നിവര്‍ രംഗത്തു വന്നു. ഊര്‍മിളയുടെ ഉജ്ജ്വല പ്രകടനവും ഡാന്‍സും താന്‍ ഓര്‍മിക്കുന്നു എന്നാണ് സ്വര ഭാസ്‌കര്‍ ട്വീറ്റ് ചെയ്തത്. എക്കാലത്തെയും മികച്ച അഭിനേത്രിയാണ് ഊര്‍മിള എന്നാണ് അനുഭവ് സിന്‍ഹയുടെ പ്രതികരണം.

നേരത്തെ, കങ്കണയെ വിമര്‍ശിച്ച് ഊര്‍മിള രംഗത്തുവന്നിരുന്നു. രാജ്യം മുഴുവന്‍ മയക്കുമരുന്ന് എന്ന ഭീഷണി നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ കങ്കണയുടെ ജന്മനാടായ ഹിമാചലാണ് ഈ ലഹരിമരുന്നുകളുടെ ഉത്ഭവ സ്ഥാനമെന്ന് അവര്‍ക്കറിയില്ലേ? സ്വന്തം സംസ്ഥാനത്ത് നിന്നായിരിക്കണം കങ്കണയുടെ പ്രവര്‍ത്തനം തുടങ്ങേണ്ടിയിരുന്നതെന്നും ഊര്‍മ്മിള പറഞ്ഞിരുന്നു. തുടര്‍ന്നുള്ള കങ്കണയുടെ മറുപടിയാണ് വിവാദത്തിലായത്.

 

 

 

 

 

 

By Binsha Das

Digital Journalist at Woke Malayalam