Sat. Apr 27th, 2024

പ്രധാനമന്ത്രിയുടെ എഴുപതാം പിറന്നാൾ ആഘോഷ ദിനത്തില്‍ ട്രെന്‍ഡിംഗ് ആയ ഒരു  ഹാഷ്ടാഗാണ് #NationalUnemploymentDay. പത്ത് ലക്ഷത്തിലധികം ട്വീറ്റുകളാണ് ദേശീയ തൊഴിലില്ലായ്മ ദിനത്തിൽ ട്വിറ്റർ കീഴടക്കിയത്. രാജ്യത്ത് തൊഴിലില്ലായ്മ ക്രമാതീതമായി വർദ്ധിക്കുന്നതിൽ രാജ്യത്തെ യുവാക്കള്‍ക്കുള്ള ആശങ്കയാണ് തൊഴിലില്ലായ്മ ദിനത്തില്‍ പ്രകടിപ്പിക്കപ്പെട്ടത്. 

രാജ്യത്തെ ഓരോ പൗരനും സ്ഥിരം തൊഴിലെന്ന വാഗ്‌ദാനവുമായാണ് 2014ല്‍ മോദി സർക്കാർ അധികാരത്തിലേറുന്നത്. വർഷംതോറും രണ്ട് കോടിയിലധികം തൊഴിൽ സൃഷ്ടിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ, അധികാരത്തിലേറി ആറാം വർഷത്തിലേക്ക് കടക്കുമ്പോൾ രാജ്യം തൊഴിലില്ലായ്മയുടെ ഏറ്റവും രൂക്ഷമായ ദിനങ്ങൾക്കാണ് സാക്ഷ്യം വഹിക്കുന്നത്. 

ഈ  വർഷം ഓഗസ്‌റ്റോടെ തന്നെ തൊഴിലില്ലായ്മ നിരക്ക് 9.1% ആയി ഉയർന്നു.  45 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന  തൊഴിലില്ലായ്മ  നിരക്കിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന  ദേശീയ സാമ്പിൾ സർവേ റിപ്പോർട്ട് കഴിഞ്ഞവർഷം തന്നെ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.  പോയവർഷം തൊഴിലില്ലായ്മ നിരക്ക് 7.2 ആയിരുന്നു. ഒറ്റവർഷത്തിനിടെ തൊഴിൽരഹിതരുടെ എണ്ണത്തിലുണ്ടായ വർധന ഭയപ്പെടുത്തുന്നതാണ്. 

ആകസ്മികമായി എത്തി ലോകത്തെ പിടിച്ചുകുലുക്കിയ കൊവിഡ് മഹാമാരിയ്ക്ക് ഈ അരക്ഷിതാവസ്ഥയ്ക്ക്മേൽ വലിയ ഉത്തരവാദിത്വമുണ്ടെങ്കിലും അതിന് മുമ്പ് തന്നെ രാജ്യത്തെ തൊഴിലില്ലായ്മ രൂക്ഷമായ സ്ഥിതിയിലെത്തിയിരുന്നു. കോവിഡില്‍ ഇന്ത്യൻ സാമ്പത്തിക രംഗം കൂപ്പുകുത്തിയപ്പോൾ ഒരുപക്ഷേ നോക്കുകുത്തിയായി മാറിയിരുന്നു ഭരണസിരാകേന്ദ്രം എന്ന് വേണമെങ്കിലും പറയാം. നടപ്പ് സാമ്പത്തിക വർഷത്തിലെ ഏപ്രിൽ-ജൂൺ കാലയളവിൽ മൊത്തം ആഭ്യന്തര ഉദ്പാദനത്തില്‍ 23.9 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 

നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ പാദത്തെ 3.1% വളർച്ചയുമായി താരതമ്യം ചെയ്യുമ്പോൾ 23.9 ശതമാനം ഇടിവാണുണ്ടായിരിക്കുന്നത്.  1996 മുതൽ രാജ്യം ത്രൈമാസ കണക്കുകൾ പ്രസിദ്ധീകരിക്കാൻ തുടങ്ങിയതിനു ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും വലിയ ഇടിവാണിത്. ഏഷ്യയിലെ തന്നെ ഏറ്റവും പരിതാപകരമായ അധഃപതനം സംഭവിച്ചിരിക്കുന്നത് ഇന്ത്യയിലാണ്.

കഴിഞ്ഞ വർഷത്തേക്കാൾ ധനകാര്യ മേഖലയിൽ ജിഡിപി 5.3 ശതമാനമാണ് കുറഞ്ഞത്. ഉത്പാദനത്തിൽ 39.3 ശതമാനവും നിർമാണത്തിൽ 50.3 ശതമാനവും കുറഞ്ഞു. വ്യാവസായിക മേഖലയിൽ ഉണ്ടായ ഈ കനത്ത തിരിച്ചടി തൊഴിലില്ലായ്മയിലും  പ്രതിഫലിച്ചു. സാമ്പത്തിക വിശകലന വിദഗ്ധരായ ക്രിസിൽ പറയുന്നത് ലോക്ക് ഡൗണിന് പിന്നാലെ മെയ് മാസത്തിൽ സർക്കാർ പ്രഖ്യാപിച്ച 1.2% ജി ഡി പി യ്ക്ക് മുകളിലായി 1% ജിഡിപി കൂടി അധികമാകുമെന്ന് അവർ പ്രതീക്ഷിച്ചിരുന്നത്രെ. എന്നാൽ, അതുണ്ടായില്ല. തൽഫലമായി ഇന്ത്യക്ക് യഥാർത്ഥ ജിഡിപിയില്‍ 13% സ്ഥിരമായ നഷ്ടം സംഭവിക്കുമെന്ന് ക്രിസിൽ കണക്കാക്കുന്നു. 

എന്നാൽ, ഇത്തരം മോടി കുറവുള്ള രാജ്യത്തിൻറെ കണക്കുകളൊന്നും മോദി പുറത്തുകാട്ടാറില്ലെന്നുള്ളതാണ് ഇതിന്റെ മറുപുറം. 2019ൽ ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ കമ്മിഷൻ അംഗീകാരം നൽകി രണ്ടുമാസമായിട്ടുംരാജ്യത്തിന്റെ തൊഴിലില്ലായ്മ നിരക്ക്  റിപ്പോർട്ട്   സർക്കാർ പുറത്തുവിടാതിരുന്നത് പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു.  സർക്കാർ ഔദ്യോഗികമായി പുറത്തുവിടാൻ തയ്യാറാവാതിരുന്ന ഇത്തരത്തിലുള്ള പല റിപ്പോർട്ടുകളും  മാധ്യമങ്ങളിലൂടെ പുറത്തുവരികയായിരുന്നു. 2016 നവംബറിൽ നോട്ട് അസാധുവാക്കൽ പ്രഖ്യാപിച്ചശേഷം രാജ്യത്ത് ഒരു സർക്കാർ ഏജൻസി നടത്തിയ ആദ്യ സർവേ റിപ്പോർട്ടും ഇത്തരത്തിൽ പൂഴ്ത്തിവെച്ചതിൽ പ്രതിഷേധിച്ച് ആക്ടിങ് ചെയർപേഴ്‌സൺ പി.സി. മോഹനനും അംഗം ജെ.വി. മീനാക്ഷിയും രാജിവെച്ചിരുന്നു. 

2013-’14 മുതൽ ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് കുത്തനെ വർധിക്കുന്ന പ്രവണതയാണുള്ളതെന്ന് ലേബർ ബ്യൂറോ റിപ്പോർട്ട് ചെയ്തിരുന്നു. ഈ സാഹചര്യം മുന്നോട്ട് പോകുകയാണെങ്കിൽ 2025 ആകുമ്പോഴേക്കും  രാജ്യത്തെ 20 കോടിയോളം ജനങ്ങൾ മോശം ജോലിചെയ്യുന്നവരോ തൊഴിൽരഹിതരോ ആയിരിക്കുമെന്ന് ജോബോണോമിക്‌സിലെ മുതിർന്ന മാധ്യമപ്രവർത്തകൻ ഗൗതംദാസിന്റെ പുസ്തകത്തിൽ പറയുന്നുണ്ട്.  അന്താരാഷ്ട്ര തൊഴിൽ സംഘടന (ഐ.എൽ.ഒ.) ഇന്ത്യയിലെ രൂക്ഷമായ തൊഴിൽ നഷ്ടത്തിൽ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, രാജ്യത്ത് എൻജിനീയറിങ് ബിരുദം പൂർത്തിയാക്കുന്ന 15 ലക്ഷത്തോളം ഉദ്യോഗാർഥികളിൽ ഒമ്പത് ലക്ഷം പേർക്കും യോഗ്യതയ്ക്കനുസരിച്ചുള്ള തൊഴിൽ ലഭിക്കുന്നില്ലെന്ന് ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എജ്യുക്കേഷന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു.

വൈറ്റ് കോളർ ജോലികൾ മാത്രമല്ല ഇല്ലാതായിരിക്കുന്നത്. കൊവിഡിൽ ജോലി നഷ്ടപ്പെട്ട ദിവസക്കൂലി തൊഴിലാളികളും ഏറെയാണ്. ഇതിൽ അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ കാര്യമാണ് ഏറെ ദുഷ്കരം. കൊവിഡ് വ്യാപനം രൂക്ഷമായപ്പോൾ തൊഴിലിടം ഉപേക്ഷിച്ചു ജന്മദേശങ്ങളിലേക്ക് പോയ അവർക്ക് യാതൊരു ആനുകൂല്യങ്ങളും ലഭിച്ചിട്ടില്ലെന്ന് മാത്രമല്ല ഇവരുടെ ജോലി നഷ്ടപ്പെട്ടതിനെ സംബന്ധിച്ചോ പലായനത്തിനിടെ മരിച്ചവരെ സംബന്ധിച്ചോ കേന്ദ്ര സർക്കാരിന്റെ കയ്യിൽ യാതൊരുവിധ രേഖകളുമില്ല എന്നതും തൊഴിലില്ലായ്മ എന്ന വിഷയത്തിലെ സർക്കാർ അനാസ്ഥയെ വെളിവാക്കുന്നതാണ്. 

ഐക്യരാഷ്ട്ര സഭയുടെ തൊഴിൽ സമിതി മുന്നറിയിപ്പ് നൽകിയത് കൊവിഡ് പ്രതിസന്ധി മൂലം ഇന്ത്യയുടെ അനൗദ്യോഗിക സമ്പദ് വ്യവസ്ഥയിൽ ജോലി ചെയ്യുന്ന 400 ദശലക്ഷം ആളുകൾക്ക് ജോലി നഷ്ടപ്പെടുകയും പട്ടിണിയിലേക്ക് തള്ളപ്പെടുകയും ചെയ്യുമെന്നാണ്. 195 ദശലക്ഷം മുഴുവൻ സമയ ജോലികൾ അല്ലെങ്കിൽ 6.7 ശതമാനം ജോലി ഇല്ലാതാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നൽകിയിരുന്നു.

 കൊവിഡാനന്തര ഇന്ത്യയിൽ യുവാക്കൾ ഏറ്റവുംകൂടുതൽ നേരിടാൻ പോകുന്ന പ്രശ്നം പുതിയ തൊഴിൽ സാധ്യതകളുടെ കുറവ് മാത്രമല്ല, നിലവിൽ തൊഴിലുള്ള പലരുടെയും ജോലി നഷ്ടമാകും എന്നത് കൂടിയാണ്. ഇത് രാജ്യത്തെ തൊഴിൽരഹിതരുടെ എണ്ണം ഗണ്യമായി ഉയർത്തും. പ്രധാനമന്ത്രിയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന ശേഷം രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തതുപോലെ  തൊഴിലാണ് അന്തസ്. അത് എത്രകഴിഞ്ഞാലാണ് ഈ സര്‍ക്കാരിന് മനസിലാവുകയെന്നറിയില്ല.

By Arya MR