കൊച്ചി:
ഇഡിക്ക് പിന്നാലെ എന്‍ഐഎയും മന്ത്രി കെടി ജലീലിനെ ചോദ്യം ചെയ്യുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ സംഘടനകള്‍. കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ ചോദ്യംചെയ്യല്‍ ഇപ്പോള്‍ ആറാം മണിക്കൂറിലേക്ക് എത്തിനില്‍ക്കുകയാണ്.
രാവിലെ ആറുമണിയോടെ കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ സ്വകാര്യ വാഹനത്തിലാണ് ജലീല്‍ എത്തിയത്. പുലർച്ചെ ഒന്നരയോടെ സുഹൃത്തും മുൻ സിപിഎം എംഎൽഎയുമായ എ എം യൂസഫിനെ വിളിച്ച് മന്ത്രി ഒരു സ്വകാര്യ വാഹനം ആവശ്യപ്പെടുകയായിരുന്നു.
കഴിഞ്ഞ ദിവസം ലഭിച്ച നോട്ടീസിന്‍റെ അടിസ്ഥാനത്തിലാണ് മന്ത്രി ചോദ്യം ചെയ്യലിന് ഹാജരായത്. സ്വര്‍ണ്ണക്കടത്ത് അല്ലെങ്കില്‍ ഏതെങ്കിലും ഹവാല ഇടപാടുകള്‍ മതഗ്രന്ഥത്തിന്‍റ മറവില്‍ നടന്നിട്ടുണ്ടോയെന്നതാണ് പരിശോധനാ വിഷയം. മാര്‍ച്ച് നാലിന് എത്തിയ നയതന്ത്ര ബാഗേജിനെ പറ്റിയാണ് മന്ത്രിയോട് ചോദിച്ചറിയുന്നത്.