Tue. Apr 23rd, 2024

ഡൽഹി:

കഴിഞ്ഞ 6 മാസത്തിനിടെ അതിര്‍ത്തിയില്‍ ചൈനയുടെ ഭാഗത്തുനിന്ന് നുഴഞ്ഞുകയറ്റങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. എന്നാല്‍ നിയന്ത്രണരേഖ മറികടക്കാന്‍ നിരവധി ശ്രമങ്ങള്‍ ചൈനയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടെന്ന് കേന്ദ്രആഭ്യന്തരവകുപ്പ് സഹമന്ത്രി നിത്യാനന്ദ റായ് പാര്‍ലമെന്റില്‍ വ്യക്തമാക്കി. അതിര്‍ത്തിയില്‍ ചൈനീസ് കടന്നുകയറ്റം നടന്നുവെന്ന റിപ്പോര്‍ട്ടുകളെ ലഘൂകരിച്ചുകൊണ്ടാണ് കേന്ദ്രത്തിന്റെ വിശദീകരണം.

കഴിഞ്ഞ ആറ് മാസത്തിനിടെ ചൈനയില്‍ നിന്നും പാകിസ്താനില്‍ നിന്നുമുള്ള അതിര്‍ത്തി ലംഘനങ്ങള്‍ വര്‍ധിച്ചിട്ടുണ്ടോ ഉണ്ടെങ്കില്‍ എന്തൊക്കെ നടപടികളാണ് സര്‍ക്കാര്‍ ഇതിനെതിരെ സ്വീകരിച്ചത് എന്ന ബിജെപി എംപിയായ അനില്‍ അഗര്‍വാള്‍ നല്‍കിയ ചോദ്യത്തിനാണ് കേന്ദ്രം മറുപടി നൽകിയത്.

എന്നാൽ ചൈനയുടെ ഭാഗത്തുനിന്ന് അതിര്‍ത്തിലംഘനമുണ്ടായിട്ടില്ലെന്ന കേന്ദ്രത്തിന്റെ വിശദീകരണം പ്രതിപക്ഷത്തിന് തൃപ്തികരമായില്ല. അതിര്‍ത്തിയില്‍ പ്രശ്‌നങ്ങളില്ലെങ്കില്‍ എന്തുകൊണ്ടാണ് മേഖലയിലെ സ്റ്റാറ്റസ് കോ തിരിച്ചുകൊണ്ടുവരാന്‍ ആവശ്യപ്പെടുന്നുവെന്നും വിഷയം ചര്‍ച്ച ചെയ്യാന്‍ നയതന്ത്രതല, സൈനിക തല ചര്‍ച്ചകള്‍ നടത്തണമെന്ന് ഇന്ത്യ ആവശ്യപ്പെടുന്നുവെന്നും തുടങ്ങിയ കാര്യങ്ങൾ പാര്‍ലമെന്റില്‍ ഉന്നയിച്ചു.

By Athira Sreekumar

Digital Journalist at Woke Malayalam