Sat. Jan 18th, 2025

കൊച്ചി:

സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി കെടി റമീസിന് കസ്റ്റംസ് കേസിൽ ജാമ്യം. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യകോടതിയാണ് ജാമ്യം അനുവദിച്ചത്. കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. എന്നാൽ എൻഐഎയുടെ കേസ് നിലനിൽക്കുന്നതിനാൽ റമീസിന് പുറത്തിറങ്ങാൻ സാധിക്കില്ല. കേസിലെ മുഖ്യപ്രതി ആയിരുന്നിട്ടും റമീസിന്റെ ജാമ്യം കസ്റ്റംസ് കോടതിയിൽ എതിർത്തില്ല. അറസ്റ്റിലായി 61-ാം ദിവസത്തിന് ശേഷമാണ് ജാമ്യം.

രണ്ട് ലക്ഷം രൂപയുടെയോ സമാനമായ തുകയുടെയോ ജാമ്യം കോടതിയിൽ കെട്ടിവയ്ക്കണം, എല്ലാ തിങ്കളാഴ്ചയും രാവിലെ 10 മുതൽ 11 മണിയ്ക്കിടയിൽ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണം, ഏഴ് ദിവസത്തിനകം പാസ്പോർട്ട് കോടതിയിൽ കെട്ടിവയ്ക്കണം, അന്വേഷണവുമായി എല്ലാ തരത്തിലും സഹകരിക്കണം തുടങ്ങി കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഏതെങ്കിലും ഒരു പ്രതിക്ക് ജാമ്യം കിട്ടുന്നത് ഇതാദ്യമാണ്. ഈ ഘട്ടത്തിൽ റമീസിന് ജാമ്യം ലഭിക്കുന്നത് കേസന്വേഷണത്തെ ബാധിക്കില്ലെന്നും ചോദിക്കേണ്ടതെല്ലാം റമീസിനോട് ചോദിച്ച് അറിഞ്ഞിട്ടുണ്ടെന്നും കസ്റ്റംസ് കോടതിയിൽ വ്യക്തമാക്കി.

By Athira Sreekumar

Digital Journalist at Woke Malayalam