Fri. Nov 22nd, 2024

ന്യൂഡെല്‍ഹി:

കോവിഡിനെ നേരിടാന്‍ പ്രഖ്യാപിച്ച അപ്രതീക്ഷിത ലോക്ക്‌ ഡൗണില്‍ മരിച്ച കുടിയേറ്റ തൊഴിലാളികളുടെ കണക്ക്‌ തങ്ങളുടെ കൈകളില്‍ ഇല്ല എന്നാണ്‌ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ അറിയിച്ചത്‌. കണക്കില്ലാത്തതിനാല്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക്‌ നഷ്ട പരിഹാരവും നല്‍കില്ല.

എന്നാല്‍ നാല്‌ ചെറുപ്പക്കാര്‍ ചേര്‍ന്ന്‌ തുടങ്ങിയ വെബ്‌സൈറ്റില്‍ എത്ര കുടിയേറ്റ തൊഴിലാളികള്‍ മരിച്ചുവെന്ന കണക്കുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. സര്‍ക്കാരിന്‌ കണക്കില്ലെങ്കില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക്‌ നഷ്ടപരിഹാരം നല്‍കാനും സഹായമെത്തിക്കാനും ഇവരുടെ സഹായം തേടാം. മരിച്ചവരുടെയും പരിക്കേറ്റവരുടെയും ഔദ്യോഗിക കണക്കുകളുണ്ടാക്കാനും ഇത്‌ സഹായിക്കും.

ജിന്‍ഡാല്‍ ഗ്ലോബല്‍ സ്‌കൂള്‍ ഓഫ്‌ ലോയിലെ അസി. പ്രൊഫസര്‍ അമന്‍, പൊതു താല്‍പര്യ സാങ്കേതിക വിദഗധനായ തേജേഷ്‌ ജിഎന്‍, വിദേശ സര്‍വകലാശാലകളില്‍ ഗവേഷക വിദ്യാര്‍ത്ഥികളായ കണിക ശര്‍മ, ആര്‍ കൃഷ്‌ണ എന്നിവര്‍ ചേര്‍ന്നാണ്‌ thejeshgn.com എന്ന വെബ്‌സൈറ്റ്‌ തയ്യാറാക്കിയിരിക്കുന്നത്‌. സാമൂഹിക- സാമ്പത്തിക അവകാശ പ്രശ്‌നങ്ങളില്‍ തല്‍പരരായ ഒരു സംഘം ഫ്രീലാന്‍സ്‌ ഗവേഷകരുടെയും വിദ്യാര്‍ത്ഥി വളണ്ടിയര്‍മാരുടെയും കൂട്ടായ്‌മയായ റോഡ്‌സ്‌കോളേഴ്‌സിന്റെയും പിന്തുണയോടെയാണ്‌ ഇത്‌ തയ്യാറാക്കിയിരിക്കുന്നത്‌.

മാര്‍ച്ച്‌ 14നും ജൂലൈ നാലിനുമിടയില്‍ പട്ടിണിയും സാമ്പത്തിക ദുരിതവും മൂലം 216 കുടിയേറ്റ തൊഴിലാളികള്‍ മരിച്ചുവെന്നാണ്‌ വെബ്‌സൈറ്റിലുള്ളത്‌. ഒറ്റ രാത്രി കൊണ്ട്‌ പ്രഖ്യാപിച്ച ലോക്‌ഡൗണില്‍ പരിഭ്രാന്തരായി നഗരങ്ങളില്‍ നിന്ന്‌ നാട്ടിലെത്താന്‍ കാല്‍നടയായി പോകുന്നതിനിടെ ഉണ്ടായ റോഡപകടങ്ങളിലും ട്രെയിനപകടത്തിലുമായി 209 പേര്‍ മരിച്ചു.

ലോക്‌ഡൗണ്‍ കാലത്ത്‌ 133 തൊഴിലാളികള്‍ ആത്മഹത്യ ചെയ്‌തിട്ടുണ്ട്‌. 77 പേര്‍ വൈദ്യ സഹായം കിട്ടാതെ മരിച്ചു. മദ്യം ലഭിക്കാത്തതിനാല്‍ ഉണ്ടായ രോഗാവസ്ഥയാണ്‌ 46 പേരുടെ മരണത്തിനിടയാക്കിയത്‌. 49 പേര്‍ ക്വാറന്റീന്‍ കേന്ദ്രങ്ങളില്‍ മരിച്ചപ്പോള്‍ അക്രമ സംഭവങ്ങളിലാണ്‌ 18 പേര്‍ക്ക്‌ ജീവന്‍ നഷ്ടപ്പെട്ടത്‌. ഇങ്ങനെ 971 തൊഴിലാളികള്‍ മരിച്ചതായാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌.

പത്രങ്ങളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും നിന്നുള്ള വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ്‌ കണക്കുകള്‍ തയ്യാറാക്കിയത്‌. ലോക്‌ഡൗണിന്റെ ആഘാതം വിശകലനം ചെയ്യുമ്പോള്‍ ഈ മരണങ്ങള്‍ ശ്രദ്ധയില്‍ പെടാതെ പോകരുത്‌ എന്നതിനാലാണ്‌ ഇത്തരം ഒരു ശ്രമം നടത്തിയതെന്ന്‌ വെബ്‌സൈറ്റ്‌ വിശദീകരിക്കുന്നു. തയ്യാറെടുപ്പുകളില്ലാത്ത ഒരു ലോക്‌ഡൗണാണ്‌ ഈ പ്രതിസന്ധി സൃഷ്ടിച്ചതെന്ന്‌ വിമര്‍ശനങ്ങള്‍ ശ്‌ക്തമായി നിഷേധിക്കപ്പെടുമ്പോള്‍ ഈ മരണങ്ങള്‍ ജനങ്ങളുടെ ഓര്‍മ്മയില്‍ രേഖപ്പെടുത്തുന്നതിന്‌ വലിയ പ്രാധാന്യമുണ്ടെന്ന്‌ അവര്‍ പറയുന്നു.