Mon. Nov 18th, 2024
ഡൽഹി:

സംവിധായകൻ വിനയന്റെ വിലക്ക് നീക്കിയ ഉത്തരവിനെതിരെ ഫെഫ്ക ഡയറക്റ്റേഴ്സ് യൂണിയൻ സുപ്രീം കോടതിയിൽ ഹർജ്ജി നൽകി. വിലക്ക് നീക്കുകയും സിനിമ രംഗത്തെ സംഘടനകൾക്ക് പിഴ ഈടാക്കുകയും ചെയ്ത കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ, നാഷണൽ കമ്പനി ലോ അപ്പലറ്റ് ട്രിബ്യൂണൽ  എന്നിവയുടെ ഉത്തരവുകൾക്ക് എതിരെയാണ് ഫെഫ്ക സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

വിലക്കിന് എതിരായ വിനയന്റെ പരാതി പരിഗണിച്ച കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ,  2017 മാർച്ചിൽ പുറപ്പെടുവിച്ച ഉത്തരവിൽ ‘അമ്മ’യ്ക്ക് ക്ക് 4 ലക്ഷം രൂപയും ഫെഫ്കയ്ക്ക് 81,000 രൂപയും ചുമത്തിയിരുന്നു. ഈ പിഴ 2020 മാർച്ചിൽ നാഷണൽ കമ്പനി ലോ അപ്പലറ്റ് ട്രിബ്യൂണൽ ശരിവച്ചിരുന്നു. എന്നാൽ, തെളിവുകൾ പരിഗണിക്കാതെയാണ് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ഉത്തരവ് പുറപ്പടിവിച്ചത് എന്നാണ് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്റെ വാദം. അതേസമയം, വിനയന്റെ വിലക്ക് നീക്കിയതിനെതിരെ ‘അമ്മ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിട്ടില്ല.

നടൻ ദിലീപ് തന്റെ ചിത്രത്തിൽ നിന്ന് സംവിധായകൻ തുളസീദാസിനെ നീക്കണമെന്നാവശ്യപ്പെട്ടതാണ് പ്രശ്‍നങ്ങളുടെ തുടക്കം. ദിലീപിന്റെ നടപടിയ്‌ക്കെതിരെ ശക്തമായി വിനയൻ പ്രതികരിച്ചിരുന്നു. ഇതാണ്, വിനയനും ചലച്ചിത്ര സംഘടനകളും തമ്മിലുള്ള തർക്കത്തിലേക്ക് നയിച്ചത്.

തർക്കം രൂക്ഷമായതോടെ വിനയന്റെ ചിത്രങ്ങളുമായി സഹകരിക്കുന്നതിൽ നിന്ന് നടീനടന്മാരെയും സാങ്കേതിക വിദഗ്ദ്ധരെയും സംഘടനകൾ നിർബന്ധിച്ച് പിന്തിരിപ്പിച്ചെന്നായിരുന്നു ആരോപണം. വിനയന്റെ സിനിമകളുമായി സഹകരിച്ചവർക്കു വിലക്ക് ഏർപ്പെടുത്തുകയും കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തു.

സിനിമ സംഘടനകളുടെ ഈ  നടപടി വിപണിയിൽ മത്സരിക്കാനുള്ള തന്റെ അവകാശത്തെ ഹനിക്കുന്നതാണെന്ന് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയിൽ സമർപ്പിച്ച പരാതിയിൽ വിനയൻ ആരോപിച്ചിരുന്നു.

By Arya MR