തിരുവനന്തപുരം:
സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായുള്ള അടുപ്പത്തെ കുറിച്ച് ആരോപണങ്ങൾ വർധിക്കുന്നതിനിടെ പാര്‍ട്ടിക്ക് മുന്നിൽ പരാതി ഉന്നയിക്കാനൊരുങ്ങി മന്ത്രി ഇപി ജയരാജൻ. മകൻ ജെയ്സന്റെ പേര് കേസിലേക്ക് വലിച്ചിഴച്ചതിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് ജയരാജനും കുടുംബവും ഉയർത്തുന്ന പരാതി. ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി സ്വപ്ന സുരേഷിൽ നിന്നും കമ്മീഷൻ വാങ്ങിയെന്ന ആരോപണം നിലനിൽക്കെ ജെയ്‌സൺ ജയരാജന്റെ സ്വപ്നയ്ക്കൊപ്പമുള്ള ചിത്രം പ്രചരിപ്പിച്ചത് ബിനീഷ് കൊടിയേരിയാണെന്നാണ് ജയരാജനും കുടുംബവും സംശയിക്കുന്നത്. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ സ്വര്‍ണക്കടത്ത് കേസ് ചര്‍ച്ചയാകുമ്പോള്‍ ഇ പി ജയരാജൻ പരാതി ഉന്നയിക്കാനിരിക്കുകയാണെന്നാണ് സൂചന.
2018ലാണ് സ്വപ്ന സുരേഷിന് മന്ത്രി ഇപി ജയരാജന്‍റെ മകന്‍ പാര്‍ട്ടി നടത്തിയത്. പാസ്പോര്‍ട്ട് സംബന്ധമായ പ്രശ്നം പരിഹരിച്ച് നല്‍കിയതിന്‍റെ പ്രത്യുപകാരമായിരുന്നു പാര്‍ട്ടി. ബിനീഷ് കോടിയേരി മുഖേനയാണ് ജെയ്‌സൺ സ്വപ്നയെ പരിചയപ്പെടുന്നത്. പാര്‍ട്ടി നടത്തണമെന്നാവശ്യപ്പെട്ടതും വേണ്ട ക്രമീകരണങ്ങളെല്ലാം ചെയ്തതും ബിനീഷ് തന്നെ. സ്വപ്നയും ബിനീഷും ജയ്സനുമടക്കം 7 പേര്‍ മാത്രം പങ്കെടുത്ത പാര്‍ട്ടിക്കിടെ എടുത്ത വീഡിയോയാണ് ഇപ്പോൾ ചിത്രങ്ങളായി പ്രചരിക്കുന്നത്. ഇതിലാണ് ഇപിയും കുടുംബവും ദുരൂഹത കാണുന്നത്. അതേസമയം, ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി സ്വപ്നയിൽ നിന്നും കമ്മീഷൻ വാങ്ങിയെന്ന ആരോപണത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ജെയ്‌സണിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകും.