Wed. Nov 6th, 2024

ഡൽഹി:

ഫേസ്ബുക്കിന്റെ ബിജെപി ചായ്‌വാണ് ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയം. ബിജെപി, ആര്‍എസ്എസ് നേതാക്കളുടെ വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ ഫേസ്ബുക്കും വാട്സാപ്പും കണ്ണടയ്ക്കുകയാണെന്നുള്ള വാള്‍ സ്ട്രീറ്റ് ജേർണലിന്റെ ലേഖനം പുറത്തുവന്നതോടെയാണ് ഈ വിഷയം ചൂടേറിയ വിവാദത്തിന് വഴിയൊരുക്കുന്നത്. ബിജെപി നേതാക്കളുടെ വിദ്വേഷ പോസ്റ്റുകൾ നീക്കം ചെയ്യുന്നത് രാജ്യത്തെ ഫേസ്ബുക്കിന്റെ കച്ചവട സാധ്യതകളെ ബാധിക്കുമെന്ന് ഫേസ്ബുക്ക് ഇന്ത്യയുടെ പബ്ലിക് പോളിസി മേധാവി അങ്കി ദാസ് കമ്പനിയുടെ യോഗത്തിൽ പറഞ്ഞതായാണ് ആ അമേരിക്കൻ മാധ്യമം റിപ്പോർട്ട് ചെയ്തത്. ബിജെപി നേതാക്കളില്‍ ചിലരുടെ വര്‍ഗീയ പരാമര്‍ശങ്ങളില്‍ നടപടി സ്വീകരിക്കാതെ ഇന്ത്യയിലെ ഫേസ്ബുക്കിന്റെ നയങ്ങളില്‍ വെള്ളംചേര്‍ക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.

തെലങ്കാന നിയമസഭയിലെ ഒരേയൊരു ബിജെപി എംഎൽഎയാണ് രാജ സിംഗ്. ഇദ്ദേഹം വിധ്വേഷ പ്രസംഗങ്ങൾക്ക് കുപ്രസിദ്ധനാണെന്ന് പറയപ്പെടുന്നു. നമ്മുടെ രാജ്യത്തെ മുസ്ലിം ജനത രാജദ്രോഹികളാണെന്നും റോഹിംഗ്യൻ അഭയാർഥികളെ വെടിവച്ചുകൊല്ലണമെന്നും തുടങ്ങി നിരവധി വിധ്വേഷ പ്രസംഗങ്ങളാണ് ഇദ്ദേഹം ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചിട്ടുള്ളത്. എന്നാൽ ഇദ്ദേഹത്തിനെതിരെ വിദ്വേഷ പ്രസംഗ നിയമാവലി പ്രകാരം നടപടിയെടുക്കുന്നത് ഫേസ്ബുക്കിന്റെ ഇന്ത്യയിലെ ഉന്നതോദ്യോഗസ്ഥയായ അങ്കി ദാസ് തടഞ്ഞതായാണ് റിപ്പോർട്ട്.

ഈ റിപ്പോർട്ട് പുറത്തുവന്നതോടെ ഫേസ്​ബുക്കിനെതിരെ വ്യാപക പ്രതിഷേധവും പരാതിയുമായി നിരവധി പേർ രംഗത്തെത്തി. തുടർന്ന് വിദ്വേഷ പ്രസംഗം പ്രചരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി രാജ സിംഗിനെ ഫേസ്ബുക്ക് വിലക്കി. എന്നാൽ, തന്റെ പേരിൽ വ്യാജ അക്കൗണ്ടുകൾ ഒരുപാടുണ്ടെന്നും തനിക്ക്​ ഒഫീഷ്യൽ ഫേസ്​ബുക്ക്​ പേജില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം ഛത്തീസ്ഗഢിലെ മാധ്യമപ്രവർത്തകനായ അവേശ് തിവാരിയുടെ പരാതിയെ തുടർന്ന് അങ്കി ദാസിനെതിരെ എഫ്ഐആര്‍ രജിസ്റ്റർ ചെയ്തു. മതവികാരം വ്രണപ്പെടുത്തി, സാമുദായിക ശത്രുത സാഹചര്യം സൃഷ്ടിച്ചു, ഭീഷണിപ്പെടുത്തി, അക്രമത്തിന് പ്രേരിപ്പിച്ചു തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് എഫ്ഐആര്‍. 

രാജ സിംഗിനെ വിലക്കാൻ അനുവദിക്കാഞ്ഞത് മാത്രമല്ല ഫേസ്ബുക്ക് ഇന്ത്യയുടെ പബ്ലിക് പോളിസി മേധാവി അങ്കി ദാസിനെതിരെ ആരോപണം ഉയരാൻ കാരണം. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയെ എതിർക്കുന്ന 44 പേജുകൾ ഫേസ്ബുക്കിൽ നിന്ന് പൂർണമായും റദ്ധാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. ഇന്ത്യൻ എക്സ്പ്രസിലെ റിപ്പോർട്ട് അനുസരിച്ച് ആ പട്ടികയിലെ 44 പേജുകളിൽ 14 എണ്ണം ഇപ്പോൾ ഫേസ്ബുക്കിന്റെ പ്ലാറ്റ്ഫോമിൽ ഇല്ല. “We Hate BJP”, “The Truth of Gujarat”, ഭിം ആർമിയുടെ ഔദ്യോഗിക പേജ്, കോൺഗ്രസിനെ അനുകൂലിച്ചുള്ള പേജുകൾ തുടങ്ങിയവയാണ് ഫേസ്ബുക്ക് ഇന്ത്യ പൂർണമായും വിലക്കിയത്.

ഇത് കൂടാതെ ഫേസ്ബുക്ക് മുൻപ് വിലക്കിയിരുന്ന 17 പേജുകൾ ബിജെപി പുനഃസ്ഥാപിക്കാൻ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം നവംബറിലാണ് ഈ പേജുകൾക്ക് വിലക്കേർപ്പെടുത്തിയത്. ഫേസ്ബുക്ക് ഈ പേജുകൾ പുനഃസ്ഥാപിച്ചെന്ന് മാത്രമല്ല വലതുപക്ഷത്തെ അനുകൂലിക്കുന്ന ‘ദി ചൗപാൽ’, ‘ഒപിൻഡിയ’ തുടങ്ങിയ പേജുകൾക്ക് ബിജെപി ആവശ്യപ്പെട്ടതുപോലെ ധനസമ്പാദനത്തിനുള്ള വകയും അനുവദിച്ചു. ഇത് സമബന്ധിച്ച് BJP ഐടി സെൽ മേധാവി അമിത് മാൽവിയ കത്ത് അയച്ചത് അങ്കി ദാസിനും ഫേസ്ബുക്കിന്റെ മറ്റൊരു ഉന്നത ചുമതല വഹിക്കുന്ന ശിവ്‌നാഥ് തുക്രാലിനുമാണ്. ഈ വാദം തെളിയിക്കുന്ന ഇ-മെയിലുകൾ പിന്നീട് പുറത്തുവന്നിരുന്നു. അതുപോലെ തന്നെ പൗരത്വ നിയമഭേദഗതി പ്രതിഷേധകർക്കെതിരെ ബിജെപി എംഎൽഎമാരടക്കം ഫേസ്ബുക്കിലൂടെ നടത്തിയ വിധ്വേഷ പ്രസംഗങ്ങൾക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല എന്നതും പകൽ പോലെ വ്യക്തമാണ്.

ഇതൊക്കെ മുൻനിർത്തിയാണ് ഇന്ത്യയിലെ ഫേസ്ബുക്ക് നയത്തിനെതിരെ ലോകമെമ്പാടുമുള്ള 41എൻജിഒകൾ രം​ഗത്തെത്തിയത്. ഇന്ത്യയിലെ മനുഷ്യാവകാശങ്ങളെ ബാധിക്കുന്ന സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകളിൽ നിന്ന് ഫെയ്‌സ്ബുക്ക് ഇന്ത്യയെ തടയണമെന്നും അങ്കി ദാസിനെ മാറ്റണമെന്നും അവർ ആവശ്യപ്പെട്ടു. രാജ്യത്ത് സോഷ്യല്‍ മീഡിയയെ നിയന്ത്രിക്കുന്നത് ബിജെപിയാണെന്നും അതിലൂടെ അവർ വ്യാജ വാർത്തകളും വിദ്വേഷവും പ്രചരിപ്പിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ആരോപിച്ചിരുന്നു. കൂടാതെ ബിജെപി നേതാക്കളുടെ വിദ്വേഷപ്രചരണങ്ങളോട് മൃദുസമീപനം സ്വീകരിക്കുന്നെന്ന ആരോപണത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്ലും ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് കത്തയച്ചു. ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയ ആപ്പുകളും ബിജെപിയും തമ്മിലുള്ള ബന്ധം സംയുക്ത പാര്‍ലമെന്ററി സമിതി (ജെ.പി.സി) അന്വേഷിക്കണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോയും ആവശ്യപ്പെടുക ഉണ്ടായി. 

എന്നാൽ ആളുകൾക്ക് സ്വതന്ത്രമായി സ്വയം പ്രകാശിപ്പിക്കാൻ കഴിയുന്ന തുറന്നതും സുതാര്യവും പക്ഷാപാതപരവുമല്ലാത്തതായ പ്ലാറ്ഫോമാണ് ഫേസ്ബുക്ക്, എല്ലായ്പ്പോഴുമെന്ന് ഫേസ്ബുക്ക് ഇന്ത്യ വൈസ് പ്രസിഡന്റും എംഡിയുമായ അജിത് മോഹൻ ബ്ലോഗിലൂടെ പറഞ്ഞു. ആരുടെയും പാർട്ടി പദവിയും, പാർട്ടി ബന്ധവും, മതവും, വിശ്വാസവും ഒന്നും പരിഗണിക്കാതെ ആഗോളത്തിൽ ഫേസ്ബുക്കിന്റെ നിയമങ്ങൾ ബാധകമാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ അദ്ദേഹത്തിന്റെ ഈ വാദങ്ങളിളൊന്നും 2014 മുതൽ ബിജെപി നേതാക്കൾ നടത്തിവരുന്ന വിധ്വേഷ പോസ്റ്റുകളിൽ ഫേസ്ബുക്ക് എന്ത് നടപടി സ്വീകരിച്ചു എന്ന ചോദ്യത്തിന് മറുപടിയാകുന്നില്ല.

ഈ വിവാദങ്ങൾ കനക്കുമ്പോഴാണ് പാർലമെന്ററി സമിതി ഫേസ്ബുക്കിന് നോട്ടീസ് അയക്കുന്നത്. ബിജെപിയെ സഹായിക്കുന്നുവെന്ന പരാതിയിൽ ഒരു വട്ടം പാർലമെന്ററി സമിതിക്ക് മുൻപാകെ ഹാജരായെങ്കിലും വിശദീകരണം തൃപ്തികരമല്ലാത്തതിനാൽ അജിത് മോഹനെ വീണ്ടും വിളിച്ചു വരുത്താനാണ് ശശി തരൂർ എംപി അധ്യക്ഷനായ സമിതി തീരുമാനിച്ചത്. കാരണം താൻ കേരള കോൺഗ്രെസ്സിനായി ലേഖനങ്ങൾ എഴുതിയിട്ടുണ്ടെന്നും മുൻപ് ബിജെപിക്കും മോദിക്കും എതിരായി എഴുതിയിട്ടുള്ള ലേഖനങ്ങൾ പിന്നീട് പിൻവലിച്ചിട്ടുണ്ടെന്നുമാണ് ഫേസ്ബുക്ക് ഇന്ത്യ മേധാവി അജിത് മോഹൻ പറഞ്ഞത്. എന്നാലിത് ഫേസ്ബുക്ക് ഇന്ത്യയ്ക്ക് ബിജെപിയോട് ചായ്‌വുണ്ടോ ഇല്ലയോ എന്ന ചോദ്യത്തിന് ഉത്തരമാകുന്നില്ല.

ഇന്ന് വീണ്ടും വിശദീകരണവുമായി രാഘവ് ഛദ്ദ എംഎൽഎ അധ്യക്ഷനായ സമിതിക്ക് മുൻപിൽ ഹാജരാകണമെന്ന് ഫേസ്ബുക്കിന് നിർദ്ദേശം നൽകിയിരുന്നു. പക്ഷെ ഫേസ്ബുക്ക് ഹാജരായില്ല. ഒരുവട്ടം തങ്ങൾ ഹാജരായി വിശദീകരണം നൽകിയെന്നും കമ്പനിക്കെതിരായ സമൻസ് നീക്കണമെന്നും ഇനി ഇക്കാര്യം കേന്ദ്ര സർക്കാരിന്റെ പരിഗണനയിൽ ആണെന്നും ഫേസ്ബുക്ക് കത്തിലൂടെ അറിയിച്ചു. ഈ മറുപടി ഉച്ചയ്ക്ക് 12 മണി മുതൽ ഫേസ്ബുക്കിന്റെ വിശദീകരണത്തിന് കാത്ത് നിൽക്കുന്ന പാർലമെന്ററി സമിതിക്ക് തൃപ്തകരമായില്ലെന്ന് മാത്രമല്ല അവരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് വിമർശങ്ങളും ഉയർന്നു. പക്ഷെ ഫേസ്ബുക്ക് പറഞ്ഞ ഒരു കാര്യം ശരിയാണ് നമ്മുടെ രാജ്യത്ത് എല്ലാം കേന്ദ്രസർക്കാരിന്റെ പരിഗണനയിലും അധികാരത്തിലുമാണ്.

 

By Athira Sreekumar

Digital Journalist at Woke Malayalam