Wed. Jan 22nd, 2025

കൊച്ചി:

പന്തീരാങ്കാവ് യുഎപിഎ കേസിൽ അലൻ ശുഹൈബ്, താഹ ഫസൽ എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഐഎ സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിൽ നിന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പിന്മാറി. ജസ്റ്റിസ് ഹരിപ്രസാദ്, ജസ്റ്റിസ് എം.ആർ.അനിത എന്നിവരാണ് ഹർജി പരിഗണിക്കുന്നതിൽ നിന്ന് പിന്മാറിയത്. കേസ് ബുധനാഴ്ച മറ്റൊരു ബെഞ്ച് പരിഗണിക്കും. കോഴിക്കോട് കോടതിയിൽ അലന്റെയും താഹയുടെയും ജാമ്യാപേക്ഷ നേരത്തെ പരിഗണിച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് അനിത അപ്പീൽ പരിഗണിക്കുന്നതിൽ നിന്ന് പിന്മാറിയത്.

കടുത്ത ഉപാധികളോടെ കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് അലനും താഹയും ജയിൽ മോചിതരായത്. കൊച്ചി എൻഐഎ കോടതിയുടെ ഈ നീക്കത്തിനെതിരെയാണ് അന്വേഷണ സംഘം ഹൈക്കോടതിയെ സീമിപിച്ചത്. പ്രതികൾക്ക് ജാമ്യം അനുവദിച്ചത് സമൂഹത്തിൽ അസ്വസ്ഥതകൾക്ക് വഴിയൊരുക്കുമെന്നാണ് തടസ ഹർജിയിൽ വ്യക്തമാക്കിയത്. അലനും താഹയ്ക്കും ജാമ്യം നൽകിയത് ഇത്തരം സംഘടനകളുടെ പ്രവർത്തനത്തിന് പ്രചോദനമാകുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.

By Athira Sreekumar

Digital Journalist at Woke Malayalam