തിരുവനന്തപുരം:
മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് പോലെ സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം പുരോഗമിക്കുമ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റേയും മന്ത്രിമാരായ ഇ പി ജയരാജന്റേയും, കെടി ജലീലിന്റേയും നെഞ്ചിടിപ്പ് കൂടിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര ഏജന്‍സികളെ വിളിച്ച് കൊണ്ടുവന്നത് മുഖ്യമന്ത്രിയാണ്. ഇപ്പോള്‍ പാര്‍ട്ടി സെക്രട്ടറിയുടെ മകനേയും മന്ത്രിയേയും ചോദ്യം ചെയ്തപ്പോള്‍ ഇ.ഡിക്ക് രാഷ്ട്രീയമുണ്ടെന്ന് പറയുന്നു. മന്ത്രി പുത്രനിലേക്ക് അന്വേഷണം എത്തിയപ്പോഴും ഇ.ഡി രാഷ്ട്രീയം കളിക്കുകയാണെന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും ചെന്നിത്തല പരിഹസിച്ചു.
അതേസമയം, കരിയിൽ മുങ്ങിക്കുളിച്ചിരിക്കുന്ന സർക്കാറിനെ ഇനി പ്രതിപക്ഷം കരി വാരി തേയ്ക്കേണ്ടതുണ്ടോയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. ലൈഫ് മിഷനും മറ്റ് ആരോപണങ്ങളും തമ്മില്‍ ബന്ധമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പറഞ്ഞിരുന്നു. രണ്ടും തമ്മില്‍ ബന്ധപ്പെടുത്തി ലൈഫ് മിഷന്‍റെ നേട്ടങ്ങള്‍ ഇല്ലാതാക്കുകയാണെന്നും, നേട്ടങ്ങളെ കരിവാരിത്തേക്കുന്നത് നെറികേടാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു. ഇതിന് മറുപടിയായാണ് ചെന്നിത്തലയുടെ വിശദീകരണം.
ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു വിശദീകരണവും മുഖ്യമന്തി നൽകിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. റെഡ് ക്രസന്റുമായി ഉണ്ടാക്കിയ എംഒയുവിന്റെ കോപ്പി ചോദിച്ചിട്ട് പോലും സർക്കാർ തന്നില്ല. അഴിമതിയ്ക്ക് കുട പിടിക്കുന്നതും നെറികേടിന്റെ മാർഗം സ്വീകരിക്കുന്നതും മുഖ്യമന്ത്രിയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.