മലപ്പുറം:
യുഎഇ കോൺസുലേറ്റിൽ നിന്നും ലഭിച്ച ഖുറാൻ വിതരണം ചെയ്തത് സാംസ്കാരികവും മതപരവുമായ കൈമാറ്റമായി മാത്രം കണ്ടാൽ മതിയെന്ന് മന്ത്രി കെടി ജലീൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് ശേഷം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തൊട്ടാകെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ, ‘ദ ഹിന്ദു’വിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. യുഎഇ കോൺസുലേറ്റിൽ നിന്നും ലഭിച്ച ഖുറാനും റംസാൻ കിറ്റും വിതരണം ചെയ്തതുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ചും അവരിൽ നിന്ന് ഞാനെന്തെങ്കിലും സമ്മാനമോ പൈസയോ വാങ്ങിയോ എന്നുമായിരുന്നു ഇഡിക്ക് അറിയേണ്ടിയിരുന്നത്.
എന്നാല്‍, താന്‍ യുഎഇ കോൺസുലേറ്റിൽ നിന്ന് ഒന്നും സ്വീകരിച്ചിട്ടില്ല. റംസാൻ കിറ്റ് വിതരണത്തിൽ ഒരു പണമിടപാടും ഇല്ലായിരുന്നു. മന്ത്രിയുടെ വസ്തുവകകളെ കുറിച്ചും ഇഡി ചോദ്യം ചെയ്തിരുന്നതായി വ്യക്തമാക്കി. തന്റെ കൈകൾ ശുദ്ധമാണെന്നും ജലീൽ പറഞ്ഞതായി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു.