Mon. Dec 23rd, 2024

തിരുവനന്തപുരം:

ലൈഫ് മിഷനും മറ്റ് ആരോപണങ്ങളും തമ്മില്‍ ബന്ധമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടും തമ്മില്‍ ബന്ധപ്പെടുത്തി ലൈഫ് മിഷന്റെ നേട്ടങ്ങള്‍ ഇല്ലാതാക്കുന്നു. നേട്ടങ്ങളെ കരിവാരിത്തേക്കുന്നത് നെറികേടാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. കോന്നി മെഡിക്കൽ കോളേജ് ഉദ്ഘാടന ചടങ്ങിനിടെയാണ് ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങൾക്കെതിരെ മുഖ്യമന്ത്രി ആഞ്ഞടിച്ചത്.

ജനങ്ങൾ ആഗ്രഹിക്കുന്നത് നടക്കാൻ പാടില്ല എന്ന് ചിലർ വിചാരിക്കുന്നു. ശരിയായ കാര്യങ്ങൾ നാടിന് മുന്നിൽ അവതരിപ്പിക്കാൻ സമ്മതിക്കില്ലെന്ന മാനസിക അവസ്ഥയുള്ള ചിലരുണ്ട്. അത്തരക്കാരാണ് വിവാദം ഉണ്ടാക്കുന്നത്. ഒരു ദിവസത്തെ വാർത്ത കണ്ട് ജനം മാറി ചിന്തിക്കില്ലെന്ന് മനസിലാക്കണം. ജനങ്ങൾ കാര്യങ്ങൾ വിലയിരുത്തുന്നത് അവരുടെ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് വിവാദമുണ്ടാക്കുന്നവര്‍ തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോന്നി മെഡിക്കൽ കോളേജ് ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിച്ച യുഡിഎഫിനെയും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നാലര വർഷം കൊണ്ട് കേരളത്തിലെ ആരോഗ്യ മേഖലയ്ക്ക് വലിയ വളർച്ച ഉണ്ടായി. ആശുപത്രികളെല്ലാം മെച്ചപ്പെട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബി ഫണ്ട് ഉപയോഗിച്ച് മെഡിക്കൽ കേളജിന്റെ രണ്ടാം ഘട പ്രവർത്തനം ഉടൻ ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

By Athira Sreekumar

Digital Journalist at Woke Malayalam