പാലക്കാട്:
മന്ത്രി കെടി ജലീലിന് പൂർണമായ പിന്തുണ പ്രഖ്യാപിച്ച് മന്ത്രി എകെ ബാലൻ. സ്വാഭാവികമായ ചോദ്യങ്ങളാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദിച്ചത്. രണ്ടര മണിക്കൂര്‍ എടുത്ത് അതിന് വ്യക്തത വരുത്തുകയും ചെയ്തു. എന്താണ് ചോദിച്ചതെന്ന് അറിയില്ല. അത് പുറത്ത് പറയാനും കഴിയില്ല. അന്വേഷണ ഏജൻസികൾക്ക് മുന്നിൽ പോയത് എങ്ങനെ തെറ്റാകുമെന്നും എകെ ബാലൻ പാലക്കാട് നടത്തിയ വാർത്താസമ്മേളനത്തിൽ ചോദിച്ചു. ജലീൽ കുറ്റക്കാരൻ ആണെന്ന് ആരും പറഞ്ഞിട്ടില്ല.
ജലീൽ ഇടതുപക്ഷത്തേക്ക് വന്നത് മുസ്ലീം ലീഗിന് ക്ഷീണമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. മന്ത്രിയ്‌ക്കെതിരെ ഇതിന് മുൻപ് ഉയർന്ന മാർക്ക്ദാന ആരോപണം പൊള്ളയാണെന്ന് പിന്നീട് തെളിഞ്ഞു. കൈയിൽ കിട്ടുന്ന ആരോപണങ്ങൾ ഉന്നയിച്ചു നശിപ്പിക്കാൻ ശ്രമിക്കുന്ന രീതി ശരിയല്ലെന്നും എകെ ബാലൻ പറഞ്ഞു. ഭക്ഷ്യ കിറ്റ്, മത ഗ്രന്ഥങ്ങൾ എന്നിവ സ്വീകരിച്ചതിൽ തെറ്റില്ല.
അതേസമയം, പ്രതിപക്ഷം സർക്കാരിനെതിരെ നടത്തുന്ന പ്രതിഷേധങ്ങൾക്കെതിരെ മന്ത്രി ആഞ്ഞടിച്ചു. സമരങ്ങൾക്ക് സർക്കാർ എതിരല്ല, പക്ഷേ പ്രതിപക്ഷ സമരങ്ങൾ നിയമവിരുദ്ധവും കോടതി വിധിയെ വെല്ലുവിളിക്കുന്നതുമാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു