Wed. Dec 18th, 2024

തിരുവനന്തപുരം:

മന്ത്രി കെടി ജലീല്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് പരക്കെ യുവജനസംഘടനകളുടെ പ്രതിഷേധം തുടരുകയാണ്. സംസ്ഥാനത്തെ വിവിധ മന്ത്രിമാരുടെ വീടുകളിലേക്കും, കമ്മീഷണറോഫീസുകളിലേക്കും, കളക്ടറേറ്റുകളിലേക്കും,സെക്രട്ടറിയേറ്റിലേക്കും  യൂത്ത് കോൺഗ്രസും, കോൺഗ്രസും, യൂത്ത് ലീഗും, യുവമോർച്ചയും ബിജെപിയും നടത്തിയ പ്രതിഷേധമാർച്ചുകൾ പൊലീസ് തടഞ്ഞു. പലയിടത്തും പൊലീസും പ്രവര്‍ത്തകരും തമ്മില്‍ നേരിയ ഏറ്റുമുട്ടല്‍ ഉണ്ടായി. ആലപ്പുഴയിലെയും കൊല്ലത്തെയും, തിരുവനന്തപുരത്തെയും മാർച്ചുകൾ തടഞ്ഞത് സംഘർഷത്തിലേക്ക് വഴിമാറിയപ്പോൾ, പൊലീസ് നിരവധി തവണ  ജലപീരങ്കി പ്രയോഗിച്ചു. സെക്രട്ടറിയേറ്റിന് മുന്നില്‍ വലിയ സംഘര്‍ഷമാണ് അരങ്ങേറുന്നത്.യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് അഞ്ച് തവണ ജലപീരങ്കിയും മൂന്ന് തവണ കണ്ണീര്‍വാതകം പ്രയോഗിച്ചു. ലാത്തിച്ചാര്‍ജില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

ഇന്നലെ രാത്രി വലിയ പ്രതിഷേധത്തിനാണ് സെക്രട്ടേറിയറ്റ് പരിസരം സാക്ഷ്യം വഹിച്ചത്. ഇപ്പോഴും പ്രതിഷേധത്തിന് യാതോരു അയവും ഉണ്ടായിട്ടില്ല. ഇഡി ചോദ്യം ചെയ്ത മന്ത്രി രാജി വെയ്ക്കുന്നത് വരെ പ്രതിഷേധം തുടരാനാണ് യൂത്ത് കോണ്‍ഗ്രസിന്‍റെ തീരുമാനം.

കോഴിക്കോട്ട് യൂത്ത് ലീഗ് മാ‍ർച്ചിന് നേരെ രണ്ട് തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ആലപ്പുഴയിൽ ബിജെപി പ്രവർത്തകർ മന്ത്രിയുടെ കോലം കത്തിച്ചു. ഇതിന് പിന്നാലെ സംഘർഷവുമുണ്ടായി. കൊല്ലത്ത് മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ വീട്ടിലേക്ക് ജില്ലാ പ്രസിഡന്‍റ് ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിലും സംഘര്‍ഷമുണ്ടായി.

പത്തനംതിട്ട സിവിൽ സ്റ്റേഷനിലേക്ക് യുവമോർച്ച നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ കളക്ടറേറ്റിനു മുന്നിലെ കോഴിക്കോട് വയനാട് ദേശീയപാത ഉപരോധിക്കുകയാണ്. കൊട്ടിയത്ത് റോഡ് ഉപരോധിച്ച ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. മന്ത്രി എൻഫോഴ്സ്മെൻറ് ചോദ്യംചെയ്യലിന്‌ മുന്നോടിയായി തങ്ങിയ അരൂരിലെ വ്യവസായി എം എസ് അനസിന്റെ വീട്ടിലേക്ക് യുവമോർച്ച മാർച്ച് നടത്തിയെങ്കിലും പൊലീസ് ത‍ടഞ്ഞു.

മന്ത്രി കെ ടി ജലീലിന്‍റെ മലപ്പുറം വളാഞ്ചേരിയിലെ വീടിന് ചുറ്റും വൻ പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മാധ്യമപ്രവർത്തകരെ ഉള്‍പ്പെടെ ആരെയും സ്ഥലത്തേക്ക് പ്രവേശിപ്പിക്കുന്നില്ല. എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്ത വിവരം ഇപ്പോഴും മന്ത്രി പരസ്യമായി സമ്മതിച്ചിട്ടില്ല. മന്ത്രിയുടെ വളാഞ്ചേരിയിലെ വീട്ടിലേക്ക് ബിജെപി മാർച്ച് നടത്തിയെങ്കിലും പൊലീസ് തടഞ്ഞു.

മന്ത്രി കെ ടി ജലീൽ നടത്തിയ ചട്ടലംഘനത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണമെന്ന് ഷാഫി പറമ്പിൽ എംഎൽഎ ആവശ്യപ്പെട്ടു. മന്ത്രി കെടി ജലീലിന്‍റെ രാജി മുഖ്യമന്ത്രി ആവശ്യപ്പെട്ടണമെന്ന് പികെ കുഞ്ഞാലിക്കുട്ടിയും ആവശ്യപ്പെട്ടു.  ചരിത്രത്തിലാദ്യമായാണ് ഒരു മന്ത്രിയെ ഇഡി ചോദ്യം ചെയ്യുന്നതെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. എന്നാല്‍ ജലീല്‍ രാജിവെയ്ക്കേണ്ടതില്ലെന്നും, ഇഡി മന്ത്രിയോട് വിവരങ്ങള്‍ ആരായുക മാത്രമാണ് ചെയ്തതെന്നുമാണ് സിപിഎം നല്‍കുന്ന വിശദീകരണം.

 

 

By Binsha Das

Digital Journalist at Woke Malayalam