Wed. Jan 22nd, 2025

മോസ്കോ:

ഇന്ത്യ-ചൈന സൈനിക തല ചർച്ചകൾ തുടരാൻ ഇന്നലെ നടന്ന ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ചയിൽ ധാരണയായി. സ്ഥിതി സങ്കീർണ്ണമാക്കുന്ന നടപടി പരസ്പരം ഒഴിവാക്കുകയും സേന പിൻമാറ്റം വേഗത്തിൽ വേണമെന്നും വ്യക്തമാക്കി സംയുക്ത പ്രസ്താവന ഇറക്കി. രണ്ടു സേനകൾക്കുമിടയിൽ ഉചിതമായ അകലം നിലനിർത്തണമെന്നും സംഘർഷത്തിന് അയവ് വരുത്തണമെന്നും പ്രസ്താവനയിൽ പറയുന്നു. ഇന്ത്യ-ചൈന വിദേശകാര്യമന്ത്രിമാരുടെ രണ്ടര മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിലാണ് സംയുക്ത പ്രസ്താവന പുറത്തിറക്കിയത്. ഇന്ത്യ-ചൈന അതിർത്തി സംഘർഷം കണക്കിലെടുത്ത് കഴിഞ്ഞ മൂന്നു മാസമായി നടത്തിവരുന്ന ചർച്ചയിൽ ഇതാദ്യമായാണ് ഇരു രാജ്യങ്ങളും സംയുക്ത പ്രസ്താവന പുറത്തിറക്കുന്നത്. 

അതേസമയം, ഇന്ത്യ-ചൈന അതിർത്തിയിലെ തന്ത്രപ്രധാന മലനിരകൾ ഇന്ത്യൻ നിയന്ത്രണത്തിലാക്കി. പാംഗോങ് തടാകത്തിന്റെ വടക്കൻ മലനിരകളും ഇന്ത്യൻ നിയന്ത്രണത്തിലായതായാണ് റിപ്പോർട്ടുകൾ. ചൈനയുടെ കടന്നുകയറ്റം തടയുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.

കൂടാതെ അതിര്‍ത്തി സംഘര്‍ഷം ചര്‍ച്ച ചെയ്യാന്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഇന്ന് അടിയന്തര യോഗം വിളിച്ചു. കൂടാതെ പാർലമെന്റിൽ ചൈനീസ് കയ്യേറ്റം ചർച്ച ചെയ്യാന്‍ സര്‍‌ക്കാര്‍ ആലോചിക്കുന്നതായാണ് സൂചന. ചട്ടം 193 പ്രകാരമാകും ചർച്ച നടത്തുക. പാര്‍ലമെന്റ് ബിസിനസ് അഡ്വൈസറി കമ്മിറ്റിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നത്.

By Athira Sreekumar

Digital Journalist at Woke Malayalam