Mon. Dec 23rd, 2024

തിരുവനന്തപുരം:

രാജ്യത്തെ ഞെട്ടിച്ച സ്വർണ്ണക്കടത്ത്, മയക്കു മരുന്ന്, ബിനാമി, ഹവാല ഇടപാടുകളെക്കുറിച്ച് ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് 12 മണിക്കൂര്‍ ചോദ്യം ചെയ്ത പശ്ചാത്തലത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തത്സ്ഥാനം ഉടനടി രാജിവയ്ക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎയ്ക്കും ലഹരിമരുന്നു കേസ് അന്വേഷിക്കുന്ന നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയ്ക്കും വേണ്ടിയും ഇഡി ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ഇത്രയധികം ഏജന്‍സികള്‍ രാഷ്ട്രീയനേതൃത്വവുമായി നേരിട്ടു ബന്ധമുള്ള ഒരാളെ സുദീര്‍ഘമായി ചോദ്യം ചെയ്യുന്നത് ഇതാദ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പാര്‍ട്ടി സെക്രട്ടറിയുടെ വീട്ടില്‍ താമസിച്ച് നടത്തിയ ഈ ഇടപാടുകള്‍ക്ക് രാഷ്ട്രീയസംരക്ഷണം ഉണ്ടെന്നു സംശയിക്കുന്നു. ചോദ്യം ചെയ്യല്‍ ഇനിയും തുടരുമെന്നും മനസിലാക്കുന്നു. രാഷ്ട്രീയ സംരക്ഷണം തുടര്‍ന്നുണ്ടാകാന്‍ സാധ്യതയുള്ളതിനാലാണ് രാജി ആവശ്യപ്പെടുന്നതെന്ന് മുല്ലപ്പള്ളി പറഞ്ഞു.

കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ വാക്കുകൾ:

സംസ്ഥാന സര്‍ക്കാരിനെയും സിപിഎം എന്ന ബഹുജന സംഘടനനെയും നിയന്ത്രിക്കുന്ന സെക്രട്ടറിക്ക് തന്റെ വീട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ പോലും അറിയില്ലെന്നു പറഞ്ഞാല്‍ ആരു വിശ്വസിക്കും? ഒന്നുകില്‍ ഇക്കാര്യങ്ങളെക്കുറിച്ച് അറിയാമായിരുന്നു, അല്ലെങ്കില്‍ കണ്ണടച്ചു. രണ്ടായാലും വലിയ വീഴ്ചതന്നെ സംഭവിച്ചിരിക്കുന്നു. മക്കള്‍ക്കെതിരേ മുമ്പും നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. തെറ്റുതിരുത്താന്‍ നിരവധി അവസരങ്ങള്‍ ലഭിച്ചതാണ്. അതൊന്നും ചെയ്യാതെ അധികാരത്തിന്റെ തണലിലും പാര്‍ട്ടിയുടെ മറവിലും തെറ്റുകള്‍ തുടരുകയാണു ചെയ്തത്.

ബിനീഷ് കോടിയേരിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ അത്യന്തം ഗുരുതരമാണ്. മയക്കുമരുന്നു കേസില്‍ ബെംഗ്‌ളൂരില്‍ പിടിയിലായ അനൂപ് മുഹമ്മദ്, സ്വര്‍ണക്കടത്തുകേസിലെ പ്രതി കെ.ടി റമീസ് എന്നിവരുമായുള്ള ബിനീഷിന്റെ സുദീര്‍ഘമായ ബിസിനസ് ബന്ധം പുറത്തുവന്നു കഴിഞ്ഞു. വിസ സ്റ്റാമ്പിംഗുമായി ബന്ധപ്പെട്ട യു.എ.എഫ്.എക്‌സ് ഉള്‍പ്പെടെയുള്ള നിരവധി സ്ഥാപനങ്ങള്‍ ബിനിഷിന്റെ ബിനാമിയാണെന്നു സംശയിക്കുന്നു. മണി എക്‌സ്‌ചേഞ്ച് ഉള്‍പ്പെടെയുള്ള സാമ്പത്തിക സ്ഥാപനങ്ങളുമുണ്ട്. ഇതെല്ലാം സ്വര്‍ണക്കടത്തും മയക്കുമരുന്നു കടത്തുമായി കെട്ടുപിണഞ്ഞു കിടക്കുകയാണ്.

By Athira Sreekumar

Digital Journalist at Woke Malayalam