Mon. Dec 23rd, 2024

ഡൽഹി:

ഓക്‌സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ചുകൊണ്ടിരിക്കുന്ന കൊവിഡ് വാക്‌സിന്റെ ഇന്ത്യയിലെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിർത്തിവെച്ചു. ഡ്രഗ്സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നത് വരെ വാക്‌സിന്‍ പരീക്ഷണങ്ങള്‍ താത്കാലികമായി നിര്‍ത്തിവെയ്ക്കുന്നതായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. വാക്‌സിന്‍ കുത്തിവെച്ച സന്നദ്ധപ്രവര്‍ത്തകരിലൊരാള്‍ക്ക് അജ്ഞാതരോഗം കണ്ടെത്തിയതിന് പിന്നാലെ കോവിഡ് വാക്‌സിന്‍ പരീക്ഷണം യു.കെയില്‍ താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യയിലെ 17 നഗരങ്ങളിലാണ് കൊവിഡ് വാക്‌സിനായുള്ള ക്ലിനിക്കല്‍ ട്രയല്‍ നടത്തിവന്നിരുന്നത്.

രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതുവരെ നേരത്തേ അനുമതി നേടിയ പരീക്ഷണത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ എന്തുകൊണ്ട് നിര്‍ത്തിവെക്കുന്നില്ലെന്ന് വ്യക്തമാക്കണമെന്ന് ഡി.ജി.സി.ഐ. ഡോ. വി.ജി. സോമാനി സിറം ഇന്‍സ്റ്റിറ്റ്യൂട്ടിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പരീക്ഷണങ്ങള്‍ താത്കാലികമായി നിര്‍ത്തിവെക്കുകയാണെന്ന് സ്ഥാപനം അറിയിച്ചത്.

By Athira Sreekumar

Digital Journalist at Woke Malayalam