തിരുവനന്തപുരം:
വിമാനത്താവള കളളക്കടത്ത് കേസിൽ പ്രതികൾക്കെതിരെ കോഫെപോസ ചുമത്താനുള്ള നടപടികൾക്ക് തുടക്കമായി. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവാണ് നടപടി തുടങ്ങിയത്. സ്വപ്ന സുരേഷ് അടക്കമുളള പ്രതികളെ ഒരു വർഷം കരുതൽ തടങ്കലിലാക്കാനാണ് നീക്കം. സ്ഥിരം സാമ്പത്തിക കുറ്റവാളികൾക്കെതിരായാണ് കോഫെപോസ ചുമത്തുന്നത്. ഇതിനായി കോഫെപോസ ബോർഡിനു മുന്നിൽ അപേക്ഷ നൽകും. ഹൈക്കോടതി ജഡ്ജിമാർ അടങ്ങിയ കോഫേപോസ സമിതിയാണ് അനുമതി നൽകേണ്ടത്. പ്രതികള്‍ രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് ഭീഷണിയെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍.
നേരത്തെ, ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളായ മലയാളികളെ കോഫെപോസ നിയമപ്രകാരം ഒരു വര്‍ഷം കരുതല്‍ തടങ്കലില്‍ വെയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. സ്വര്‍ണരാജാക്കന്മാര്‍ എന്നറിയപ്പെടുന്ന കൊച്ചി, പെരുമ്പാവൂര്‍ സ്വദേശികളായ മുഹമ്മദ് ഫാസില്‍, മുഹമ്മദ് ആസിഫ് എന്നിവരെയാണ് കരുതല്‍ തടങ്കലില്‍ വെയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടത്.