Thu. Jan 23rd, 2025

വിദ്വേഷ പ്രസംഗങ്ങള്‍ നീക്കുന്നതില്‍ ബിജെപിയോട് ഫേസ്ബുക്ക് ഇന്ത്യക്ക് മൃദുസമീപനമാണെന്ന വാള്‍സ്ട്രീറ്റ് ജേണല്‍ ലേഖനത്തിന് പിന്നാലെ ആരോപണങ്ങൾ ഉയർന്ന ഫേസ്ബുക്ക് ഇന്ത്യ പോളിസി ഡയറക്ടർ അങ്കി ദാസിനെതിരെ പ്രതിഷേധം കനക്കുന്നു. കമ്പനിയുടെ ഇന്ത്യൻ ഓപ്പറേഷനുകളുടെ ഓഡിറ്റ് നടത്തുന്നത് പൂർത്തിയാകുംവരെ അങ്കി ദാസ് അവധിയിൽ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 40-ലധികം മനുഷ്യാവകാശ, ഇന്റർനെറ്റ് വാച്ച്ഡോഗ് ഓർഗനൈസേഷനുകൾ ഫേസ്ബുക്കിനെ സമീപിച്ചു.

ഫേസ്ബുക്ക് മേധാവി മാർക്ക് സക്കർബർഗിന് യുഎസ്, യുകെ, ന്യൂസിലൻഡ് ആസ്ഥാനമായുള്ള വിവിധ ഗ്രൂപ്പുകളാണ് ഇത് സംബന്ധിച്ച് തുറന്ന് കത്ത് അയച്ചിരിക്കുന്നത്. ഇന്ത്യയുടെ പ്രവർത്തനങ്ങളുടെ നിലവിലുള്ള മനുഷ്യാവകാശ ഓഡിറ്റിന്റെ സ്വാതന്ത്ര്യവും സമഗ്രതയും ഉറപ്പാക്കാൻ അടിയന്തര നടപടികൾ കൈക്കൊള്ളണമെന്ന് കത്തിൽ പറയുന്നു.

ബിജെപിയെ ഉയർത്തിക്കാണിക്കാനും പ്രതിപക്ഷത്തെ താഴ്ത്തിക്കെട്ടാനും നിർദേശിച്ച് വർഷങ്ങളായി കമ്പനിക്കുള്ളിൽ അങ്കി ദാസ് ഇടപെടലുകൾ നടത്തിയെന്നും ജീവനക്കാർക്കായി പ്രത്യേകം പോസ്റ്റ് തയാറാക്കിയിരുന്നുവെന്നും വാൾ സ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ അങ്കി ദാസിനെതിരെ പ്രതിഷേധം കനക്കുന്നത്. തുടർന്ന് മാധ്യമപ്രവർത്തകനായ അവേശ് തിവാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മതവികാരം വ്രണപ്പെടുത്തി, സാമുദായിക ശത്രുത സാഹചര്യം സൃഷ്ടിച്ചു, ഭീഷണിപ്പെടുത്തി, അക്രമത്തിന് പ്രേരിപ്പിച്ചു തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഇവർക്കെതിരെ എഫ്ഐആര്‍ രജിസ്റ്റർ ചെയ്തു.

By Athira Sreekumar

Digital Journalist at Woke Malayalam