Fri. Apr 26th, 2024

തിരുവനന്തപുരം:

പന്തീരാങ്കാവ്​ യുഎപിഎ കേസിൽ അലൻ ശുഹൈബിനും താഹാ ഫസലിനും ജാമ്യം അനുവദിച്ചതിൽ അതിയായ സന്തോഷമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. രാഷ്ട്രീയ പ്രവർത്തകരെ യുഎപിഎ ചുമത്തി ജയിലിൽ അടയ്ക്കുന്നതിന് സിപിഐഎം എതിരാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ വിവിധ ജയിലുകളിലായി കഴിയുന്ന എല്ലാ രാഷ്ട്രീയ തടവുകാർക്കും ഇതുപോലെ ജാമ്യം നൽകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എം എ ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ.

പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിൽ അലൻ ശുഐബിനും താഹാ ഫസലിനും എൻ ഐഎ കോടതി ജാമ്യം അനുവദിച്ചതിൽ അതിയായ സന്തോഷം.

വിദ്യാർത്ഥികളായിരുന്ന ഇവർ ഇരുവരുടെയും പേരിൽ പോലീസും എൻഐഎയും ഉയർത്തിയ ആരോപണം മാവോയിസ്റ്റ് ബന്ധം എന്നതാണ്. ഇവർ മറ്റ് എന്തെങ്കിലും നിയമവിരുദ്ധ ക്രിമിനൽപ്രവർത്തനം നടത്തിതായി ആരോപണം ഇല്ല. രാഷ്ട്രീയ പ്രവർത്തകരെ യു എ പി എ ചുമത്തി ജയിലിൽ അടയ്ക്കുന്നതിന് സിപിഐഎം എതിരാണ്.

ഇന്ത്യയിലെ വിവിധ ജയിലുകളിലായി കഴിയുന്ന എല്ലാ രാഷ്ട്രീയ തടവുകാർക്കും ഇതുപോലെ ജാമ്യം നല്കേണ്ടതാണ്.

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ നിയമപ്രകാരം വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത നടപടി പോലീസ് പുനഃപരിശോധിക്കണമെന്ന് എം എ ബേബി തുടക്കത്തിൽ തന്നെ ആവശ്യപ്പെട്ടിരുന്നു. യുഎപിഎ കരിനിയമമാണെന്നതിൽ സിപിഎമ്മിനോ കേരള സര്‍ക്കാരിനോ സംശയമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

യുഎപിഎ കേസില്‍ കഴിഞ്ഞ പത്ത് മാസമായി വിയ്യൂര്‍ ജയിലില്‍ കഴിയുന്ന അലൻ ഷുഹൈബിനും താഹ ഫസലിനും ഉപാധികളോടെ ഇന്നാണ് ജാമ്യം അനുവദിച്ചത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് കേരള പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്. യുഎപിഎ ചുമത്തിയതിനെ തുടര്‍ന്ന് കേസ് പിന്നീട് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു. ഇരുവരുടെയും മാവോയിസ്റ്റ് ബന്ധത്തിന് തെളിവുണ്ടെന്നാണ് എൻഐഎ വാദിച്ചത്.

By Athira Sreekumar

Digital Journalist at Woke Malayalam