Wed. Jan 22nd, 2025
മുംബൈ:

ബോളിവുഡ് നടി കങ്കണ റണാവത്തും മഹാരാഷ്ട്ര സര്‍ക്കാരും തമ്മിലുള്ള പോര് രൂക്ഷമാകുന്നു. നിയമവിരുദ്ധമായി കെട്ടിടം നിര്‍മിച്ചുവെന്നാരോപിച്ച് നടി കങ്കണ റണാവത്തിന് മുംബൈ കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കി. 24 മണിക്കൂറിനകം മറുപടി നല്‍കിയില്ലെങ്കില്‍ കെട്ടിടം പൊളിച്ചുമാറ്റുമെന്ന് കോര്‍പ്പറേഷന്‍ മുന്നറിയിപ്പ് നല്‍കിയത്.

എന്നാല്‍ ഇത് രാഷ്ട്രീയവൈര്യം തീര്‍ക്കലാണെന്ന് കങ്കണ ആരോപിച്ചു.ഘാര്‍ വെസ്റ്റിലുള്ള കങ്കണയുടെ ഓഫീസ് കെട്ടിടത്തില്‍  അനുമതിയില്ലാതെ നിരവധി മാറ്റങ്ങള്‍ വരുത്തിയെന്ന് നോട്ടീസില്‍ കോര്‍പ്പറേഷന്‍ ആരോപിക്കുന്നു. ശൗചാലയത്തിന്റെ സ്ഥാനം മാറ്റിയതും പുതിയതായി  നിര്‍മിച്ചതുമടക്കം ഒരു ഡസനോളം കൂട്ടിച്ചേര്‍ക്കലുകള്‍ നോട്ടീസില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇത്തരത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ അനുമതി  ലഭിച്ചിരുന്നോ എന്ന് 24 മണിക്കൂറിനകം വ്യക്തമാക്കണമെന്നാണ് കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

സുശാന്ത് സിങ്ങിന്റെ മരണത്തെത്തുടര്‍ന്ന് നടത്തിയ പരാമര്‍ശങ്ങളുടെ പേരിലാണ് കങ്കണയും മഹാരാഷ്ട്ര സര്‍ക്കാരും തമ്മില്‍ ഇടഞ്ഞത്. മുംബൈയില്‍ ജീവിക്കുന്നത് സുരക്ഷിതമല്ലെന്നും പാക് അധിനിവേശ കശ്മീര്‍ പോലെയാണ് മുംബൈ എന്നും കങ്കണ പറഞ്ഞിരുന്നു. സുരക്ഷിതമല്ലെങ്കില്‍ ഇവിടെ ജീവിക്കേണ്ടതില്ലെന്ന് ശിവസേന നേതാവ്  സജ്ഞയ് റാവത്ത് തുറന്നടിച്ചു. പിന്നീട് ഇരുവരും തമ്മില്‍ തര്‍ക്കം രൂക്ഷമാകുകയും ചെയ്തു.