ന്യൂഡല്‍ഹി:
ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 75,809 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയില്‍ ഇതുവരെ കൊവിഡ് ബാധിച്ചത് 42,80,423 പേര്‍ക്കാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1133 പേര്‍ കൊവിഡ് ബാധിതരായി മരിച്ചതോടെ ആകെ മരണസംഖ്യ 72,775 ആയി ഉയര്‍ന്നു.
1.70 ശതമാനമാണ് രാജ്യത്തെ മരണ നിരക്ക്. ഇത് വരെ 33,23,950 പേർ രോഗമുക്തി നേടിയെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. 77.65 ശതമാനമാണ് രോഗമുക്തി നിരക്ക്. നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത് 8,83,697 പേരാണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ളത്.
യുഎസ് കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകളുള്ളത് ഇന്ത്യയിലാണ്. വേള്‍ഡോമീറ്ററിന്‍റെ കണക്കുകള്‍ പ്രകാരം ഒറ്റ ദിവസത്തെ കൊവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഇന്ത്യയിലാണ്. ഏറ്റവും കൂടുതല്‍ പുതിയ മരണങ്ങള്‍ രേഖപ്പെടുത്തുന്നതും ഇന്ത്യയില്‍ തന്നെയാണ്.