Sun. Jan 19th, 2025
കാ‍സർഗോഡ്:

എംസി കമറുദ്ദീൻ എംഎൽഎക്ക് വണ്ടി ചെക്ക് കേസിൽ സമൻസ്. കമറുദ്ദീൻ ചെയർമാനായ ജ്വല്ലറിയിലെ നിക്ഷേപകരുടെ പരാതിയിലാണ് സമൻസ് പുറപ്പെടുവിച്ചിരിക്കുന്നത്. കമറുദ്ദീൻ ചെയർമാനായ ഫാഷൻ ഗോൾഡിൽ 78 ലക്ഷം രൂപ നിക്ഷേപിച്ച രണ്ട് പേർക്ക് ചെക്ക് നൽകിയ കേസിലാണ് കോടതി സമൻസ് അയച്ചത്. കള്ളാർ സ്വദേശികളായ സുധീർ , അഷറഫ് എന്നിവർ ഹൊസ്ദുർഗ്ഗ് ജെഎഫ്‌സിയിൽ നൽകിയ പരാതിയിലാണ് കോടതി സമൻസ് അയച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം ജ്വല്ലറിക്കായി മൂന്ന് പേരിൽ നിന്നായി 10 ലക്ഷം വീതം തട്ടിയെടുത്തെന്നും പരാതി ഉയർന്നിരുന്നു. എംഎൽഎയ്‌ക്കെതിരെ ചന്തേര പൊലീസ് മൂന്ന് കേസുകൾ കൂടി രജിസ്റ്റർ ചെയ്തിരുന്നു.

ചെറുവത്തൂരിലെ ഫാഷൻ ഗോൾഡ് ജ്വല്ലറിയിൽ പണം നിക്ഷേപിച്ച മൂന്ന് പേരുടെ പരാതിയിൽ കമറുദ്ദീൻ എംഎൽഎയ്ക്കും മാനേജിംഗ് ഡയറക്ടറും സമസ്ത നേതാവുമായ ടികെ പൂക്കോയ തങ്ങൾക്കുമെതിരെ വഞ്ചനക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. 34 ലക്ഷം തട്ടിയെന്നായിരുന്നു കേസ്. നഷ്ടത്തെ തുടർന്ന് ഫാഷൻ ഗോൾഡ് ജ്വല്ലറിയുടെ മൂന്ന് ശാഖകൾ കഴിഞ്ഞ ജനുവരിയിൽ പൂട്ടിയിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതൽ നിക്ഷേപകർക്ക് ലാഭ വിഹിതവും നൽകിയിട്ടില്ല.