Sat. Apr 20th, 2024
കോട്ടയം:

ജോസ് കെ മാണി രാജ്യസഭ എംപി സ്ഥാനം രാജിവെക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് പാർട്ടി നേതാവും എംഎൽഎയുമായ റോഷി അഗസ്റ്റിൻ. ഇതുസംബന്ധിച്ച ചർച്ചകൾ നടന്നിട്ടില്ലെന്നും കൂടുതൽ കാര്യങ്ങൾ ജോസ് കെ മാണി വിശദീകരിക്കുമെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. കുട്ടനാട് ഉപതെരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള ചർച്ചകൾ സ്റ്റിയറിംഗ് കമ്മിറ്റിയിൽ നടക്കുമെന്നും റോഷി.

അതേസമയം ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവച്ചേക്കുമെന്ന് സൂചനയുണ്ട്. ഇടത് മുന്നണി പ്രവേശനത്തിന്റെ മുന്നോടിയായാണ് രാജിയെന്നാണ് ലഭിക്കുന്ന വിവരം. കേരള കോൺഗ്രസ് എമ്മിന്റെ സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി യോഗം ഇന്ന് കോട്ടയത്ത് ചേരുന്നുണ്ട്. ഇതിനിടെയാണ് ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവയ്ക്കുമെന്നും ഇടത് മുന്നണി പ്രവേശനം ഉടൻ ഉണ്ടാകുമെന്നുമുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

ജോസ് കെ മാണി പക്ഷത്തെ ഒപ്പം കൂട്ടുന്നതുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യാൻ സിപിഐഎം, സിപിഐ ഉഭകക്ഷി ചർച്ച കഴിഞ്ഞ ദിവസം നടന്നിരുന്നു. ആദ്യമായാണ് ഈ വിഷയത്തിൽ സിപിഐ ചർച്ചയ്ക്ക് തയാറായത്. ചർച്ചയ്ക്കുളള നിർദേശം മുന്നോട്ടുവച്ചത് സിപിഐഎം ആയിരുന്നു. തദേശ തെരഞ്ഞെടുപ്പിൽ ജോസ് പക്ഷവുമായി ധാരണയാകാമെന്ന അഭിപ്രായമാണ് സിപിഐ മുന്നോട്ടുവച്ചത്.