Reading Time: 4 minutes

‘പണം, പദവി’ ഇതു രണ്ടും നേടിയെടുക്കാനാണ് രാഷ്ട്രീയത്തില്‍ കിടമത്സരം നടക്കുന്നത്. തനിക്കെതിരെ ശബ്ദം ഉയര്‍ത്തുന്നവരെ അടിവേരോടെ പിഴുത് കളയുകയാണ് ഭരണകര്‍ത്താക്കളുടെ ആത്യന്തിക ലക്ഷ്യം. ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയിപ്പോള്‍ ഫാസിസ്റ്റ് വേരുകളുള്ള രാജ്യമാണെന്ന് നിസ്സംശയം പറയാം. മുസ്സോളിനിയും ഹിറ്റ്ലറുമാണ് ഇതിന്റെ തലതൊട്ടപ്പന്മാരെങ്കിലും അതിനെ കടത്തിവെട്ടുന്ന നിലപാടാണ് നമ്മുടെ ഇപ്പോഴത്തെ പ്രധാനമന്ത്രിക്ക്. മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച ഗുജറാത്ത് കലാപം അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ അറിവോടെയാണെന്ന് ചങ്കുറപ്പോടെ വിളിച്ചുപറഞ്ഞ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിനെ ജയിലില്‍ അടച്ചിട്ട് ഇന്നേക്ക് രണ്ട് വര്‍ഷം തികയുകയാണ്.

തന്റെ നിലപാടുകളിലും ആദര്‍ശങ്ങളിലും ഉറച്ചുനിന്ന സഞ്ജീവ് ഭട്ട് രണ്ടാണ്ട് അഴിക്കുള്ളില്‍ കഴിയാന്‍ മാത്രം ചെയ്ത മഹാപരാധം എന്താണ്? സംഘപരിവാറിന്‍റെയും മോദിയുടെയും നിരന്തരം വിമര്‍ശകനായതോ? അതെ, ഭാരതീയ ജനതാ പാര്‍ട്ടിയുടെ വെെരാഗ്യബുദ്ധിയുടെ ഇരയാണ് സഞ്ജീവ് ഭട്ട്. സ്ത്രീകളെയും, കുട്ടികളെയും ഉള്‍പ്പെടെ മുസ്ലീം സമുദായത്തില്‍പ്പെട്ട രണ്ടായിരത്തിനടുത്ത് ആളുകളെ കൂട്ടക്കുരുതിക്കിരയാക്കിയ 2002-ലെ ഗുജറാത്ത് വംശഹത്യയില്‍ നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്ന് കാട്ടി സഞ്ജീവ് ഭട്ട് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് കലാപത്തില്‍ പങ്കുണ്ടെന്ന ആക്ഷേപം നിലനില്‍ക്കുന്നതിനാല്‍ ഇതിന്റെ നിജസ്ഥിതി അന്വേഷിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച കമ്മീഷനിലെ ഒരംഗമായിരുന്നു സഞ്ജീവ് ഭട്ട്. കമ്മീഷനിലെ അംഗങ്ങള്‍ക്ക് പലരും അധികാരവര്‍ഗ്ഗത്തിന്റെ ഭീഷണിയില്‍ മുട്ടിടിച്ച് മൗനം പാലിച്ചപ്പോള്‍ സഞ്ജീവ് തന്റെ കര്‍ത്തവ്യം കൃത്യമായി നിര്‍വഹിച്ചു. മുസ്ലീം സമുദായത്തെ തുടച്ചുനീക്കാന്‍ വര്‍ഗ്ഗീയ ആക്രമത്തിന് മോദി ആഹ്വാനം ചെയ്തെന്ന് അദ്ദേഹം സുപ്രീംകോടതിക്ക് മുമ്പില്‍ ആണയിട്ട് പറഞ്ഞു.

സ്വതന്ത്ര ഇന്ത്യകണ്ട ഏറ്റവും ഹീനമായ നരനായാട്ടിന്റെ തെളിവുകള്‍ ഗുജറാത്ത് സര്‍ക്കാരിന്റെ ഒത്താശയോടെ നശിപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി. മുസ്ലീങ്ങള്‍ക്കെതിരായി അമര്‍ഷം രേഖപ്പെടുത്താന്‍ തങ്ങളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം 2002 ഫെബ്രുവരി 27ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ച് മോദി വിളിച്ചു ചേര്‍ത്തതായും അദ്ദേഹം അവകാശപ്പെട്ടു. എന്നാല്‍, സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം സഞ്ജീവ് അത്തരമൊരു യോഗത്തില്‍ പങ്കെടുത്തില്ലെന്ന് വിധിയെഴുതി. സഞ്ജീവ് ഭട്ടിന്റെ ആരോപണങ്ങളെല്ലാം തള്ളുകയും മോദിക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും ക്ലീന്‍ ചീറ്റ് നല്‍കി കേസ് അവസാനിപ്പിക്കുകയും ചെയ്തു.

ബിജെപി സര്‍ക്കാരിനെ കരിവാരിത്തേക്കാന്‍ ശ്രമിക്കുകയാണെന്ന് മുദ്രകുത്തി ഗുജറാത്തിലെ  ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് പിന്നെ അന്ന് മുതല്‍ ബിജെപിയുടെയും ഗുജറാത്ത് സര്‍ക്കാരിന്റെയും നോട്ടപ്പുള്ളിയായി മാറി. സഞ്ജീവിന്റെ വായ മൂടിക്കെട്ടാന്‍ തക്കം പാര്‍ത്തിരുന്ന ബിജെപി 2014ല്‍ അധികാരം കിട്ടിയതോടെ കരുനീക്കം ആരംഭിച്ചു. അങ്ങനെ മോദി പ്രധാനമന്ത്രിയായതിന്റെ പിറ്റേ വര്‍ഷം 2015ല്‍ ഇദ്ദേഹത്തെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. അനുമതിയില്ലാതെ അവധിയെടുത്തുവെന്ന നിസ്സാര കാരണം ചൂണ്ടിക്കാട്ടിയായിരുന്നു ഈ പിരിച്ചുവിടല്‍.

സഞ്ജീവ് ഭട്ട് ജാംനഗര്‍ അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ടായിരിക്കെ, 1990ല്‍ വര്‍ഗീയ കലാപത്തെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത പ്രഭുദാസ് മാധാവ്ജി വൈഷ്ണവിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് അദ്ദേഹം ഇപ്പോള്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നത്. ഒരു തരത്തില്‍ പറഞ്ഞാല്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രതികാര നടപടിയുടെ ഭാഗമായിരുന്നു ഈ കേസ് കുത്തിപ്പൊക്കല്‍. പ്രഭുദാസ് വെെഷ്ണവി ഉള്‍പ്പെടെ 150 പേരെയായിരുന്നു അന്ന് വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചത്.

പൊലീസ് വിട്ടയച്ച് 10 ദിവസം കഴിഞ്ഞപ്പോഴായിരുന്നു പ്രഭുദാസ് മരിച്ചത്. ചോദ്യം ചെയ്യലിനിടെ പൊലീസിന്റെ മര്‍ദ്ദനമേറ്റാണ് മരണം സംഭവിച്ചതെന്ന് പ്രോസിക്യൂഷന്‍ വിധിയെഴുതി. തുടര്‍ന്ന് 2018 സെപ്തംബര്‍ അഞ്ചിനാണ് സഞ്ജീവ് ഭട്ടിനെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍, കേസില്‍ 11 സാക്ഷികളെ കൂടി വിസ്തരിക്കാന്‍ അനുവദിക്കണമെന്ന സഞ്ജീവ് ഭട്ടിന്റെ ആവശ്യം മെയ് 24ന് സുപ്രീംകോടതി തള്ളി. അങ്ങനെ 2019ല്‍ ജാംനഗര്‍ സെഷന്‍സ് കോടതി അദ്ദേഹത്തിന് ജീവപര്യന്തം ശിക്ഷയും വിധിച്ചു. രാജസ്ഥാന്‍കാരനായ അഭിഭാഷകനെ ലഹരിമരുന്നുകേസില്‍ കുടുക്കിയെന്ന കേസും സഞ്ജീവ് ഭട്ടിനെതിരെ നിലനില്‍ക്കുന്നുണ്ട്.

മുംസ്ലീം വീടുകള്‍ക്ക് നേരെ ആക്രമണം നടത്തിയതിന് അറസ്റ്റിലാവുകയും പിന്നീട് മരണപ്പെടുകയും ചെയ്ത പ്രഭുദാസിന്റെ മരണത്തില്‍ ഇപ്പോഴും ദുരൂഹത തുടരുകയാണ്. ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ടുവെന്ന് പറയപ്പെടുന്ന പ്രഭുദാസിന്റെ ശരീരത്തില്‍ ഒരു തരത്തിലുമുള്ള മുറിവോ ചതവോ ഇല്ലെന്ന് ഫോറന്‍സിക് വിദഗ്ദ്ധർ സാക്ഷ്യപ്പെടുത്തിയതായി സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ട് ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു. രാഷ്ട്രീയ പകപോക്കലിന് ഇതിലും നല്ല ഉദാഹരണമില്ലെന്നും നീതിയ്ക്കായി അവസാന ശ്വാസം വരെ പോരാടുമെന്നും ശ്വേത ദൃഢനിശ്ചയമെടുക്കുകയും ചെയ്തു. ആ പോരാട്ടം ഇന്നും തുടരുകയാണ്.

ഗുജറാത്ത് കലാപത്തിനൊപ്പം കൂട്ടിവായിക്കേണ്ട പേര് തന്നെയാണ് നരേന്ദ്ര മോദിയുടെ. കലാപം തടയാന്‍ മോദി സര്‍ക്കാര്‍ ഒന്നും തന്നെ ചെയ്തിരുന്നില്ലെന്ന് സഞ്ജീവ് ഭട്ടിന്റെ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് പകല്‍ പോലെ വ്യക്തവുമാണ്. പിന്നെ എവിടെയാണ് നീതിന്യായ വ്യവസ്ഥയ്ക്ക് പിഴയ്ക്കുന്നത്. ഗുജറാത്ത് വംശഹത്യയില്‍ മോദിക്ക് ക്ലീന്‍ ചീറ്റ് നല്‍കിയ  നാനവതി കമ്മീഷന്റെ റിപ്പോര്‍ട്ട് എന്ത് തെളിവുകള്‍ ചൂണ്ടിക്കാട്ടിയാണ്.

ജസ്റ്റിസ് നാനാവതി ജസ്റ്റിസ് അക്ഷയ് മേത്ത എന്നിവർ അംഗങ്ങളായ കമ്മീഷന്‍ ഗുജറാത്ത് കലാപം പൊട്ടിപ്പുറപ്പെട്ടത് ഒരു ഗൂഢാലോചനയുടെയും ഭാഗമായിരുന്നില്ല എന്നും കണ്ടെത്തിയിരുന്നു. സഞ്ജീവ് ഭട്ട് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് മേല്‍ പഴിചാരുകയും ചെയ്തു. എന്നാല്‍, ഇതേ കമ്മീഷന്‍ തന്നെ ഗോധ്ര കലാപത്തിന് പിന്നില്‍ ഗൂഢാലോചന നടന്നതായും കണ്ടെത്തി. ഇവിടെയും എന്ത് തെളിവുകളാണ് കമ്മീഷന്‍ നിരത്തിയത്.

ഗുജറാത്ത് വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട മൂന്ന് കേസുകളില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് ഇന്ന് ഒഴിവാക്കിയിട്ടുമുണ്ട്. സബര്‍കാന്ത ജില്ലയിലെ താലൂക്ക് കോടതിയാണ് മൂന്ന് കേസുകളില്‍ നിന്ന് മോദിയെ ഒഴിവാക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. കുറ്റകൃത്യം നടന്ന സ്ഥലത്ത്, ആ സമയം മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ഉണ്ടായിരുന്നതിന് തെളിവില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടിട്ടും നിരപരാധികള്‍ ശിക്ഷിക്കപ്പെടുന്നത് എന്തുകൊണ്ടാണെന്ന് ഇരുത്തി ചിന്തിക്കണം.

സഞ്ജീവ് ഭട്ടിന്റെ നീതിക്കായി രാജ്യമെങ്ങും മുറവിളി ഉയര്‍ന്നുകൊണ്ടിരിക്കുന്നു. കേരളവും സഞ്ജീവ് ഭട്ടിന്റെ വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ച് നിരുപാധിക പിന്തുണ അറിയിച്ചിരുന്നു. ഇ ടി മുഹമ്മദ് ബഷീര്‍, ബിനോയ് വിശ്വം, കെ സുധാകരന്‍, രമ്യ ഹരിദാസ്, റോജി ജോണ്‍ എം എല്‍ എ തുടങ്ങിയ നേതാക്കള്‍ക്കെല്ലാം നന്ദി അറിയിച്ച് ശ്വേത സഞ്ജീവ് ഭട്ട് ഫെയ്സ്ബുക്കില്‍ കുറിപ്പിട്ടിരുന്നു. ഇങ്ങനെ സഞ്ജീവ് ഭട്ടിന്റെ മോചനത്തിനായി പ്രത്യക്ഷമായും പരോക്ഷമായും പോരാട്ടം നടക്കുമ്പോള്‍ ഭരണകൂടം മൗനം പാലിക്കുകയാണ്.

ബിജെപി സര്‍ക്കാര്‍ ഭരിക്കുന്ന ഏത് സംസ്ഥാനത്തും കൊള്ളരുതായ്മകള്‍ക്കെതിരെ തുറന്നടിക്കുന്നവര്‍ ഭരണകൂടത്തിന്റെ കണ്ണിലെ കരടായി മാറുന്നു. യോഗി സര്‍ക്കാരിന്റെ പ്രതികാര നടപടിക്ക് പാത്രമായ കഫീല്‍ ഖാനും മറ്റൊരു സഞ്ജീവ് ഭട്ട് ആകാതിരിക്കട്ടെ.

എഴുത്തുകാരനായ പ്രസന്നന്‍ കെപി പറഞ്ഞത് പോലെ കഫീൽ ഖാന് വേണ്ടി പ്രാർറ്ത്ഥിച്ചതു പോലെ, വിമോചനത്തിന്റെ പോരാട്ടത്തിൽ പങ്കാളി ആയതു പോലെ അല്ലെങ്കിൽ അതിലേറെ സഞ്ജീവ് ഭട്ടിനും വേണ്ടിയും ചെയ്യേണ്ടതുണ്ട്. സഞ്ജീവ് ഭട്ടുമാരെ കണ്ണിലെ കൃഷ്ണമണിയെ പോലെ സംരക്ഷിക്കാൻ ഇന്ത്യയിലെ മതേതര വിശ്വാസികൾ ബാധ്യസ്ഥരാണെന്ന് എഴുത്തുകാരൻ ആഹ്വാനം ചെയ്യുന്നു. അദ്ദേഹത്തിന് വേണ്ടി പോരാടാനും. നീതി കൊതിക്കുന്ന മുസ്ലിങ്ങൾക്ക് പ്രതീക്ഷ വേണ്ട മനുഷ്യരാണ് അവരൊക്കെ! മോദിയുടെ ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ ശബ്ദമുയര്‍ത്തുന്നവര്‍ അടുത്ത തിരഞ്ഞെടുപ്പിനു മുമ്പ് നിശബ്ദരാകുന്ന സ്ഥിതിവിശേഷം ഇനിയെങ്കിലും ആവര്‍ത്തിക്കാതിരിക്കട്ടെ.

Advertisement