Sun. Dec 22nd, 2024

തിരുവനന്തപുരം:

ബംഗളുരു മയക്കുമരുന്ന് മാഫിയ കേസിന് തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസുമായി  ബന്ധമുണ്ടോ എന്ന്  കസ്റ്റംസ് അന്വേഷണം തുടങ്ങി. ലഹരി കേസിലെ പ്രതി മുഹമ്മദ് അനൂപിന് സ്വർണ്ണക്കടത്തിൽ അറസ്റ്റിലുള്ള  കെടി റമീസുമായി ബന്ധമുണ്ടെന്ന  വിവരം കസ്റ്റംസിന് ലഭിച്ചതിനെത്തുടര്‍ന്നാണ് ലഹരികടത്തും കസ്റ്റംസ് അന്വേഷണപരിധിയിലേക്കെത്തിയത്.

ലഹരി കടത്ത് കേസിൽ ബംഗ്ലുരുവിൽ നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്ത കൊച്ചി വെണ്ണല സ്വദേശി മുഹമ്മദ് അനൂപിന്റെ ഫോൺ പരിശോധിച്ചപ്പോഴാണ് സ്വർണ്ണക്കടത്ത് കേസിലെ പ്രതി കെടി റമീസുമായുള്ള ബന്ധത്തിന്‍റെ സൂചനകൾ ലഭിച്ചത്. വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്തിന് റമീസ് പലരിൽ നിന്നും പണം സമാഹരിച്ചതായി നേരത്തെ കണ്ടെത്തിയിരുന്നു.

മയക്കുമരുന്ന്  അറസ്റ്റിലായ മുഹമ്മദ് അനൂപും ഇത്തരത്തിൽ  പണം നിക്ഷേപിച്ചവരിൽ ഉണ്ടോ എന്നാണ് കസ്റ്റംസ് പരിശോധിക്കുന്നത്. ബംഗളുരുവിൽ വെച്ച് സ്വപ്നയും സന്ദീപും എൻഐഎ പിടിയിലായ ദിവസം മുഹമ്മദ് അനൂപ് കേരളത്തിലെ ഉന്നതരെ നിരവധി വട്ടം ഫോണിൽ  വിളച്ചതായും കണ്ടെത്തിയിട്ടുണ്ട്.  ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതയുണ്ടാക്കുന്നതിനാണ് കെ.ടി റമീസിനെ ചോദ്യം ചെയ്യുന്നത്.

By Arya MR