തിരുവനന്തപുരം:
ബെംഗളൂരു മയക്കുമരുന്ന് കേസിലെ ആരോപണങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉന്നത രാഷ്ട്രീയ നേതാക്കളുടെ മക്കള്‍ക്ക് പങ്കുള്ളതിനാല്‍ കേരള പോലീസ് മൗനം പാലിക്കുകയാണെന്നും സംഭവത്തില്‍ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിയാല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.
ഭരണത്തിന്റെ തണലില്‍ മയക്കുമരുന്ന് മാഫിയ അരങ്ങുതകര്‍ക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ ഒത്താശയോടെയാണ് മയക്കുമരുന്ന് മാഫിയയുടെ പ്രവര്‍ത്തനമെന്നും ചെന്നിത്തല ആരോപിച്ചു. പി.കെ ഫിറോസിന്റെ ആരോപണം ഗൗരവതരമാണെന്നും കേരളം മയക്കുമരുന്ന് മാഫിയയുടെ താവളമായി മാറിക്കൊണ്ടിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
മയക്കുമരുന്ന് മാഫിയയുമായി ബിനീഷ് കോടിയേരിക്ക് ബന്ധമുണ്ടെന്ന് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് നേരത്തെ ആരോപിച്ചിരുന്നു. ഇത് നിഷേധിച്ച് ബിനീഷ് കോടിയേരിയും രംഗത്തുവന്നിരുന്നു. അനൂബ് മുഹമ്മദുമായി വ്യക്തിബന്ധം മാത്രമാണ് ഉള്ളത്. അനൂബിന് ലഹരി മാഫിയയുമായി ബന്ധമുള്ള കാര്യം അറിയില്ലായിരുന്നു. അറസ്റ്റിലായ ശേഷമാണ് ഇക്കാര്യം അറിഞ്ഞതെന്നുമായിരുന്നു ബിനീഷ് കോടിയേരി വ്യക്തമാക്കിയ്ത.
അതേസമയം, വീണ്ടും ഫിറോസ് ബിനീഷിനെതിരെ രംഗത്തെത്തിയിരിക്കുകായണ്. 2015ൽ ബിനീഷ് ബംഗളൂരുവിൽ ആരംഭിച്ച പണമിടപാട് സ്ഥാപനത്തിൽ അനൂപ് മുഹമ്മദിന് എന്താണ് പങ്കെന്ന് വ്യക്തമാക്കണമെന്ന് ഫിറോസ് ആവശ്യപ്പെട്ടു. അങ്ങനെയൊരു സ്ഥാപനം തുടങ്ങിയിട്ടില്ലേ. അതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വ്യക്തമാക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.
മലയാളികൾ ഉൾപ്പെട്ട ബെംഗളൂരു മയക്കുമരുന്ന് കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് നീളുകയാണ്. സീരിയല്‍ നടി അനിഖയാണ് കേസിലെ ഒന്നാം പ്രതി. അനൂപ് മുഹമ്മദ് രണ്ടാം പ്രതിയാണ്. ബിനീഷ് കോടിയേരിയുടെ പേര് അനൂപ് പരാമര്‍ശിച്ചതോടെയാണ് കേസ് രാഷ്ട്രീയ ആയുധമാകുന്നത്.