കോട്ടയം:
കേരള കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില ജോസ് കെ. മാണി വിഭാഗത്തിന് ലഭിച്ചതിനെതിരെ തിങ്കളാഴ്ച റിട്ട് ഹര്‍ജി നല്‍കുമെന്ന് പി.ജെ ജോസഫ്. കേരള കോൺഗ്രസ് (എം) വർക്കിങ് ചെയർമാൻ താൻ തന്നെയാണെന്നും പിജെ ജോസഫ് പറഞ്ഞു. ജോസ് കെ.മാണി പാർട്ടി ചെയർമാനാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞിട്ടില്ല. ചിഹ്നം നോക്കിയല്ല ജോസ് കെ. മാണി വിഭാഗത്തിനെതിരെ യുഡിഎഫ് നടപടി സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ചെയര്‍മാന്‍ അല്ലാത്ത ആള്‍ക്ക് വിപ്പ് കൊടുക്കാന്‍ അധികാരമില്ല. ചെയര്‍മാനായി പ്രവര്‍ത്തിക്കരുതെന്ന് പറഞ്ഞതിനു ശേഷം ചെയര്‍മാനെന്ന നിലയില്‍ വിപ്പ് കൊടുക്കുന്നത് കോടതി അലക്ഷ്യമാണ്. അതിനെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജോസ് കെ മാണിക്ക് ചെയർമാൻ എന്ന് കാണിച്ചു ഒരു കത്ത് പുറപ്പെടുവിക്കാൻ ആവുമോ എന്നും അദ്ദേഹം വെല്ലുവിളിച്ചു.
അതേസമയം, യുഡിഎഫിൽ ജോസ് പക്ഷത്തിന് തുടരാൻ അർഹതയില്ല എന്നാണ് ബെന്നി ബെഹനാൻ പറഞ്ഞത്. ആ തീരുമാനത്തിൽ ഉറച്ചു നിൽക്കണം എന്നാണ് ജോസഫ് പക്ഷത്തിന് പറയാൻ ഉള്ളത്. ജോസ് വിഭാഗം സ്വയം പുറത്ത് പോയതാണ്. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ കാര്യങ്ങൾ ശരിക്കും പഠിച്ചിട്ടില്ല. ഇന്ന് യോഗമുണ്ട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിപ്പിക്കുമെന്നും പിജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.