പത്തനംതിട്ട:
പത്തനംതിട്ട ചിറ്റാറിൽ വനം വകുപ്പ് കസ്റ്റഡിയിലിരിക്കെ മരിച്ച മത്തായിയുടെ മൃതദേഹം ശനിയാഴ്ച സംസ്കരിക്കും. കുടപ്പന സെന്റ്മേരീസ് ഓർത്തഡോക്സ് പള്ളിയിലാണ് സംസ്കാരം. വെള്ളിയാഴ്ച മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. മൂന്നംഗ ഫോറൻസിക്ക് ഡോക്ടറുമാരുടെ സംഘമാണ് റീ പോസ്റ്റ്‌മോര്‍ട്ടം നടത്തുക. പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനുള്ള ഡോക്ടര്‍മാരെ നിര്‍ദ്ദേശിച്ചത് സിബിഐ ആണ്.
ആരോപണ വിധേയരായ വനപാലകരെ അറസ്റ്റ് ചെയ്യാതെ മൃതദേഹം സംസ്കരിക്കില്ലെന്ന് നിലാപാടെടുത്ത കുടുംബം സിബിഐ കേസ് ഏറ്റെടുത്തതോടെയാണ് നിലപാടില്‍ മാറ്റം വരുത്തിയത്. മൃതദേഹം ഉടന്‍ സംസ്കരിക്കണമെന്ന് നേരത്തെ ഹെെക്കോടതിയും നിര്‍ദ്ദേശിച്ചിരുന്നു.
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രത്യേകം ക്രമീകരിച്ച ടേബിളിലാണ് പോസ്റ്റ്‌മോര്‍ട്ടം നടക്കുക. പോസ്റ്റ്‌മോര്‍ട്ടം നടപടികൾ ക്യാമറയിൽ ചിത്രീകരിക്കും. നെടുങ്കണ്ടം കസ്റ്റഡി മരണം റീ പോസ്റ്റുമോർട്ടം ചെയ്ത അതേ ഡോക്ടർമാരുടെ മൂന്നംഗ സംഘമാണ് മത്തായിയുടെ മൃതദേഹവും റീ പോസ്റ്റുമോർട്ടം ചെയ്യുക. സിബിഐയുടെ പ്രത്യേക അഭ്യർത്ഥന പ്രകാരമാണ് സര്‍ക്കാര്‍ ഈ സംഘത്തെ തന്നെ നിയോഗിച്ചത്. ജൂലൈ 28നാണ് മത്തായി ദുരൂഹ സാഹചര്യത്തിൽ മരിച്ചത്.